SHARE

ലാലിഗയ്ക്കു പിന്നാലെ പണത്തിനു പിറകെ യുവേഫയും നീങ്ങുന്നതിന് മറ്റൊരു തെളിവു കൂടി. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ യൂറോപ്പിന് പുറത്തു വച്ചു നടത്താനുള്ള നീക്കമാണ് പാരമ്പര്യ ഫുട്‌ബോള്‍ പ്രേമികളെയും മുന്‍കാല താരങ്ങളെയും പ്രകോപിപ്പിച്ചിരിക്കുന്നത്. 2021ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ന്യൂയോര്‍ക്കിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

യൂറോപ്പിലെ ക്ലബുകള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചാമ്പ്യന്‍ഷിപ്പ് യൂറോപ്പിനു പുറത്തു വച്ചു നടത്തുന്നത് അനുചിതമാണെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. കൂടുതല്‍ സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് യുവേഫ ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുക്കുന്നത്. അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മാഡ്രിഡിലും അതിനുശേഷം ഇസ്താംബൂളിലുമാകും നടക്കുക.

ചില ലാലിഗ മത്സരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയത് വലിയ തോതില്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ജനുവരി 27ന് നടക്കുന്ന ജിറോണ എഫ്‌സിയും ബാഴ്‌സലോണയും തമ്മിലുള്ള മത്സരമാണ് ഫ്‌ളോറിഡയിലേക്ക മാറ്റിയത്. സ്പാനിഷ് ലീഗില്‍ ആദ്യ സംഭവമാണിത്. ക്ലബുകളും കളിക്കാരും ഇതിനെതിരേ രംഗത്തു വന്നിരുന്നു.