SHARE

ലോക ഫുട്‌ബോളില്‍ ഇറ്റലിയുടെ പ്രതാപം അവസാനിക്കുകയാണോ? ലോകകപ്പിന് യോഗ്യത നേടാതെ നിരാശരാക്കിയ ഇറ്റലി യുവേഫ നേഷന്‍സ് ലീഗിലും പുറത്തായി. പോര്‍ച്ചുഗലിനെതിരേ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇറ്റലിയുടെ യാത്ര അവസാനിച്ചത്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ ഒരിക്കല്‍ പോലും മികച്ച പ്രകടനം നടത്താന്‍ ഇറ്റലിക്കായില്ല.

ബോള്‍ പൊസഷനില്‍ മൃഗീയ ആധിപത്യം ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും വലകുലുക്കാനാകാത്തത് അസൂറികള്‍ക്ക് നാണക്കേടായി. 15 തവണ ഇറ്റലി ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പോയത്. മറുവശത്ത് പ്രതിരോധ ഫുട്‌ബോളാണ് പോര്‍ച്ചുഗലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ഗ്രൂപ്പ് മൂന്നില്‍ കളിച്ച മൂന്നില്‍ രണ്ടെണ്ണത്തിലും ജയിച്ച് ഏഴുപോയിന്റുമായാണ് പോര്‍ച്ചുഗല്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ഇറ്റലിക്ക് നാലുകളിയില്‍ അഞ്ചു പോയിന്റ് മാത്രം. മറ്റു മത്സരങ്ങളില്‍ സ്വീഡന്‍ തുര്‍ക്കയെ 1-0ത്തിന് തോല്പിച്ചു. സ്‌കോട്‌ലന്‍ഡ് അല്‍ബേനിയയെ മുക്കിയത് 4-0ത്തിനാണ്. റെമാനിയ ലിത്വാനിയയെ 3-0ത്തിന് മറികടന്നു.