SHARE

കായികതാരങ്ങളടക്കമുള്ള പ്രമുഖരുടെ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച് ആരാധകരെ ഞെട്ടിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. പാക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ഉമര്‍ അക്മലാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ ഇര

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമുദായിക സംഘടനകളും സായുധസേനയും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ അക്മലാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്‌. ഇത് വളരെ വേഗം പ്രചരിക്കുകയും ചെയ്തു.

ഇതോടെ തനിക്കൊന്നും സംഭവിച്ചില്ലെന്ന് വ്യക്തമാക്കി അക്മല്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ട് രംഗത്തെത്തി. താന്‍ ലാഹോറില്‍ സുരക്ഷിതനാണെന്നും സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും, ആരും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് വീഡിയോയും അക്മല്‍ പോസ്റ്റ് ചെയ്തു.