SHARE

ട്വന്റി-20 ക്രിക്കറ്റില്‍ അത്ര വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ബൗളറെന്ന് ഉമേഷ് യാദവിനെ വിശേഷിപ്പിക്കാനാകില്ല. എന്നാല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മത്സരത്തിലെ തന്റെ രണ്ടാം ഓവറില്‍ വിശ്വരൂപം പൂണ്ട ഉമേഷിനെയാണ് ചിന്നസ്വാമി സ്റ്റേഡിയം കണ്ടത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ടോപ് ഗിയറിലായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിംഗ് തുടങ്ങിയത്.

ആദ്യ മൂന്ന് ഓവറില്‍ പിറന്നത് 32 റണ്‍സ്. അതും വിക്കറ്റൊന്നും നഷ്ടപ്പെടാതെ. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കൈയില്‍ നിന്ന് കളിയുടെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് തോന്നിച്ച നിമിഷത്തിലാണ് നാലാം ഓവറില്‍ ഉമേഷ് പഞ്ചാബിന്റെ മുന്‍നിരയെ തകര്‍ത്തെറിയുന്നത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന മയങ്ക് അഗര്‍വാളായിരുന്നു ആദ്യ ഇര.

ആദ്യ പന്തില്‍ ക്വന്റണ്‍ ഡികോക്കിന്റെ കൈയില്‍ മയങ്കിനെ എത്തിച്ച ഉമേഷ് രണ്ടാം പന്തിലും ഞെട്ടിച്ചു. റണ്ണൊന്നുമെടുക്കാതെ ആരോണ്‍ ഫിഞ്ച് പുറത്ത്! പിന്നാലെയെത്തിയ യുവരാജ് സിംഗ് മൂന്നു പന്തുകള്‍ പിടിച്ചു നിന്നെങ്കിലും ഓവറിലെ അവസാന പന്തില്‍ ക്ലീന്‍ബൗള്‍ഡ്. ബാംഗ്ലൂരിനെ കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നത് ഉമേഷിന്റെ ഈ ഓവര്‍ ആയിരുന്നു. നാലു റണ്‍സ് വഴങ്ങിയപ്പോള്‍ മൂന്നു വിക്കറ്റുകളാണ് ഉമേഷ് ഒരൊറ്റ ഓവറില്‍ വീഴ്ത്തിയത്.