SHARE

കഴിഞ്ഞ‌ ദിവസം നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ച വലം കൈയ്യൻ പേസർ ഉമേഷ് യാദവിനെ ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. നേരത്തെ ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവ് ഇതേത്തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു‌. പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാത്തതിനാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും ഉമേഷിന് സ്ക്വാഡിൽ ഇടം ലഭിച്ചില്ല. എന്നാൽ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഞായറാഴ്ച നടത്തിയ ഫിറ്റ്നസ് പരീക്ഷയിൽ വിജയിക്കുകയും പിന്നാലെ അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയുമായിരുന്നു‌.

അതേ സമയം ഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, മറ്റൊരു പേസ് ബൗളറായ ഷർദുൽ താക്കൂറിനെ ടെസ്റ്റ് സ്ക്വാഡിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നതിനാലാണ് ഇത്.

ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള നാല് മത്സര ടെസ്റ്റ് പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്‌‌. ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയപ്പോൾ, അതേ വേദിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ, എതിരാളികളെ മലത്തിയടിക്കുകയായിരുന്നു‌. അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റ്, പിങ്ക് ബോൾ മത്സരം (ഡേ/നൈറ്റ് ടെസ്റ്റ്) കൂടിയാണ്.