SHARE

ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത് 5 റൺസിനാണ്. ബോളർമാരുടെ തകർപ്പൻ പ്രകടനമായിരുന്നു മത്സരത്തിൽ ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ഇതിനിടെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഇന്നിംഗ്സിനിടെ രസകരമായ ഒരു കാഴ്ചയ്ക്കും കാണികൾ സാക്ഷ്യം വഹിച്ചു.

ഹൈദരാബാദ് ഇന്നിംഗ്സിന്റെ പതിനാറാം ഓവറെറിഞ്ഞ ഉമേഷ് യാദവിന് പന്തെറിഞ്ഞപ്പോൾ പിഴച്ചതാണ് കാണികളിൽ ചിരി പടർത്തിയത്. ഹൈദരാബാദ് നായകൻ കെയിൻ വില്ല്യംസണെതിരെ നക്കിൾ ബോൾ എറിയാനുള്ള ഉമേഷ് യാദവിന്റെ ശ്രമത്തിനിടെ പന്ത് കൈയ്യിൽ നിന്ന് വഴുതുകയായിരുന്നു. ബോളറുടെ കൈയ്യിൽ നിന്ന് നേരെ ഉയർന്ന് പൊങ്ങിയ പന്ത് പിച്ചിന് പുറത്ത് പതിച്ചതിന് ശേഷം ഉരുണ്ട് നീങ്ങി. ഉമേഷ് യാദവിനും, ബാറ്റിംഗ് ക്രീസിലുണ്ടായിരുന്ന വില്ല്യംസണും, ഫീൽഡിലുണ്ടായിരുന്ന വിരാട് കോഹ്ലിക്കും ഇത് കണ്ട് ചിരിയടക്കാനായില്ല.

അതേ സമയംഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരത്തിനുള്ള പർപ്പിൾക്യാപ്പും ഇന്നലത്തെ മത്സരത്തോടെ ഉമേഷ് യാദവിനെ തേടിയെത്തി. 10 മത്സരങ്ങളിൽ 14 വിക്കറ്റുകളോടെയാണ് താരം വിക്കറ്റ് വേട്ടയിൽ മുന്നിൽ നിൽക്കുന്നത്.