മുഷ്താഖ് അലി ട്രോഫിയിൽ വിദർഭയ്ക്ക് വേണ്ടി ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങി ഇന്ത്യൻ സ്റ്റാർ ബോളർ ഉമേഷ് യാദവ്. ഇൻഡോറിൽ കർണാടകയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ട്രോഫി സൂപ്പർ ലീഗ് മത്സരത്തിലാണ് ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങി ഉമേഷ് യാദവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ആദ്യം ബാറ്റിംഗിനെത്തിയെങ്കിലും 4 റൺസ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.
ബാറ്റിംഗിൽ വൻ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഉമേഷ് യാദവ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. വിനയ്കുമാറിന്റെ പന്തിലാണ് ഉമേഷ് പുറത്തായത്. ആദ്യ ഓവറിലെ നാലാം പന്തിൽ പവലിയനിലേക്ക് തിരിച്ചെത്തുമ്പോൾ 2 പന്തിൽ 4 റൺസായിരുന്നു ഉമേഷിന്റെ സമ്പാദ്യം. അതേ സമയം ഉമേഷ് യാദവ് ഓപ്പണിംഗിനിറങ്ങിയ മത്സരത്തിൽ വിദർഭ ബാറ്റിംഗ് തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 9 ഓവറിൽ 45/4 എന്ന നിലയിലാണ് വിദർഭ.