SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ഏറ്റവും മികച്ച സീസണിലൂടെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഉമേഷ് യാദവ് കടന്ന് പോകുന്നത്. ടൂർണമെന്റിൽ ബാംഗ്ലൂരിന്റേത് അത്ര മികച്ച പ്രകടനമല്ലെങ്കിലും ശ്രദ്ധേയ ബോളിംഗാണ് പക്ഷേ ബാംഗ്ലൂർ ജേഴ്സിയിൽ മുപ്പതുകാരനായ ഉമേഷ് യാദവ് കാഴ്ച വെക്കുന്നത്. ഇതിന് പ്രതിഫലമെന്നോണം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന, ടി20 ടീമുകളിലേക്കും താരത്തെ തിരഞ്ഞെടുത്തിരുന്നു.

ഇന്ത്യൻ ടീമിലെ സ്ഥാനം ഉമേഷ് യാദവ് അർഹിച്ചിരുന്നതാണെന്നും, അദ്ദേഹത്തെ ടീമിലുൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം ഏറ്റവും ഉചിതമായതാണെന്നും ബാംഗ്ലൂരിൽ അദ്ദേഹത്തിന്റെ സഹതാരമായ പാർത്ഥിവ് പട്ടേൽ പറയുന്നു. “മനോഹരമായാണ് ഉമേഷ് പന്തെറിഞ്ഞ് കൊണ്ടിരിക്കുന്നത്, കഴിഞ്ഞ ഹോം സീസണിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായിരുന്നു അദ്ദേഹം. അതിന്റെ പിന്തുടർച്ചയെന്നോണം ഈ ഐപിഎല്ലിലും തകർപ്പൻ ബോളിംഗ് പ്രകടനമാണ് യാദവ് കാഴ്ച വെക്കുന്നത്. ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഏറെ അർഹിക്കുന്നത് തന്നെയാണ്” പട്ടേൽ പറയുന്നു.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച പന്ത്രണ്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് ഉമേഷ് യാദവ് സ്വന്തമാക്കിയത്. ബാംഗ്ലൂരിന് പല മത്സരങ്ങളിലും നിർണായക ബ്രേക്ക് ത്രൂകൾ സമ്മാനിച്ച ഉമേഷ് യാദവ് കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ, ബാംഗ്ലൂർ 10 വിക്കറ്റിന് ജയിച്ച മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.