SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വാതിലിൽ തൊഴിച്ച് അമ്പയർ നിഗൽലോംഗ്. മത്സരത്തിലെ തന്റെ തീരുമാനങ്ങളൊന്ന് തെറ്റിപ്പോയതിന്റെ രോഷത്തിലാണ് ലോംഗ് സ്റ്റേഡിയത്തിലെ വാതിലുകളിൽ ഒന്നിൽ ശക്തമായി തൊഴിച്ചത്. സംഭവത്തിൽ ലോംഗിനെതിരെ കടുത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ 5000 രൂപ പിഴ അടക്കാൻ മാത്രമാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മത്സരത്തിലെ ആദ്യ ഇന്നിംഗ്സിന് ശേഷമുള്ള ഇടവേളയിലായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺ റൈസേഴ്സിനെതിരെ ബാംഗ്ലൂരിന്റെ ഉമേഷ് യാദവ് എറിഞ്ഞ പന്തുകളിലൊന്നിൽ അമ്പയർ നിഗൽ ലോംഗ് അനാവശ്യമായി നോബോൾ വിളിച്ചിരുന്നു. ബോളറുടെ കാൽ ക്രീസിനകത്തായിരുന്നതിനാൽ അത് നോബോൾഅല്ലായിരുന്നെങ്കിലും ലോംഗിന് ഇക്കാര്യത്തിൽ പിഴവ് സംഭവിക്കുകയായിരുന്നു. ഈ സംഭവമാണ് ലോംഗിനെ അസ്വസ്ഥനാക്കിയത്. ആദ്യ ഇന്നിംഗ്സിന് ശേഷമുള്ള ഇടവേളയ്ക്കിടെ തീർത്തും അസ്വസ്ഥനായിരുന്ന ലോംഗ്, സ്റ്റേഡിയത്തിലെ വാതിലുകളിലൊന്നിൽ ശക്തമായി തൊഴിക്കുകയായിരുന്നു.

സംഭവം വലിയ വിവാദമായതോടെ നിഗൽ ലോംഗിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന്‌ ശേഷമാകും അദ്ദേഹത്തിനെതിരായ നടപടി എന്തെന്ന് സ്വീകരിക്കുക.