SHARE

ബ്രിസ്ബെയിനിൽ ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിലെ അമ്പയറിംഗ് വിവാദമാകുന്നു. മത്സരത്തിന്റെ രണ്ടാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളിൽ പാക് ബോളർമാർ എറിഞ്ഞ 21 നോബോളുകൾ കണ്ടെത്താൻ അമ്പയർമാർക്ക് കഴിയാതിരുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇത്രയധികം നോബോളുകൾ അമ്പയർമാരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് വലിയ വീഴ്ചയായാണ് ക്രിക്കറ്റ് ലോകം ചൂണ്ടിക്കാട്ടുന്നത്.

ബ്രിസ്ബെയിനിലെ‌ ഗാബയിൽ നടക്കുന്ന ഈ മത്സരത്തിന്റെ രണ്ടാം ദിനത്തെ ആദ്യ രണ്ട് സെഷനുകളിൽ വെറും ഒരു നോബോൾ മാത്രമാണ് അമ്പയർമാർ വിളിച്ചത്. മറ്റ് 21 നോബോളുകൾ അവരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഓസ്ട്രേലിയക്ക് അർഹതപ്പെട്ടിരുന്ന 21 അധിക റൺസുകളാണ് ഇതോടെ നഷ്ടമായത്.

ഇത്രയധികം നോബോളുകൾ അമ്പയർമാരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ നെറ്റിചുളിപ്പിച്ചിട്ടുണ്ട്. ലോകക്രിക്കറ്റിലെ പരിചയസമ്പന്നരായ അമ്പയർമാരായ റിച്ചാർഡ് കെറ്റിൽബോറോയും, റിച്ചാർഡ് ഇല്ലിംഗ് വർത്തുമായിരുന്നു ഈ മത്സരം നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്. അതേ സമയം നോബോൾ വിവാദത്തിൽ ഇത് വരെ ഐസിസി ഇടപെട്ടിട്ടില്ല. അതിന് വേണ്ടിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്.