SHARE

ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് ഓസ്ട്രേലിയൻ കാണികളിൽ നിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു മദ്യപിച്ചെത്തിയ ഒരു കൂട്ടം കാണികൾ സിറാജിനെതിരെ വംശീയ അധിഷേപം നടത്തിയത്. സംഭവം വിവാദമായതോടെ പ്രശ്നമുണ്ടാക്കിയ കാണികളെ സംഘാടകർ മൈതാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ പരമ്പരയിൽ 2-1 ന് ഓസ്ട്രേലിയയെ തകർത്തതിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മൊഹമ്മദ് സിറാജ് വിവാദ സംഭവങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുന്നു.

വംശീയ അധിക്ഷേപം കാണികളുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾത്തന്നെ അമ്പയർമാരോട് താൻ പരാതിപ്പെട്ടതായി പറഞ്ഞ സിറാജ്, സംഭവത്തിൽ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയും മാച്ച് ഒഫീഷ്യൽമാരുമായി ചർച്ച നടത്തിയെന്ന് വ്യക്തമാക്കുന്നു. അമ്പയർ മത്സരം മതിയാക്കി പുറത്തേക്ക് പോകാൻ തങ്ങൾക്ക് അനുവാദം നൽകിയിരുന്നതായും എന്നാൽ തുടർച്ചയായുള്ള അധിക്ഷേപങ്ങൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് തന്നെ പ്രേരിപ്പിച്ചതായും സിറാജ് കൂട്ടിച്ചേർത്തു.

“ഓസ്ട്രേലിയൻ കാണികൾ എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. ഇത് എന്ന മാനസികമായി ശക്തനാക്കി. അധിക്ഷേപങ്ങളൊന്നും എന്റെ പ്രകടനത്തെ ബാധിക്കരുതെന്ന് മാത്രമായിരുന്നു എന്റെ ചിന്ത.‌ ഞാൻ അധിക്ഷേപിക്കപ്പെട്ടു എന്ന് പറയുക മാത്രമായിരുന്നു എന്റെ ജോലി. ക്യാപ്റ്റൻ രഹാനെയോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു.”

“നിങ്ങൾക്ക് മൈതാനം വിട്ട് കളി ഉപേക്ഷിക്കാമെന്ന് അമ്പയർമാർ ആ സമയം ഞങ്ങളോട് പറഞ്ഞു. പക്ഷേ ഞങ്ങൾ പോകില്ലെന്നും, ഈ കളിയെ ഞങ്ങൾ ബഹുമാനിക്കുവെന്നും അജ്ജു ഭായ് (രഹാനെ) അമ്പയർമാരോട് പറയുകയായിരുന്നു.” കഴിഞ്ഞ ദിവസം മൊഹമ്മദ് സിറാജ് വ്യക്തമാക്കി.