SHARE

അമ്പയർമാർക്ക് അബദ്ധം പറ്റുന്നത് ക്രിക്കറ്റിൽ സർവസാധാരണമാണ്. ഡി ആർ എസിന്റെ വരവോടെ കുറേയൊക്കെ അമ്പയറിംഗ് പിഴവുകൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഡി ആർ എസ് ഇല്ലാത്ത മത്സരങ്ങളിൽ പിഴവുകൾ തിരുത്താൻ യാതൊരു മാർഗവുമില്ല‌. ഇന്ത്യ എ യും ന്യൂസിലൻഡ് എ യും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിന മത്സരത്തിൽ അമ്പയറുടെ പിഴവ് ഇന്ത്യയ്ക്ക് വിനയായി. ഖലീൽ അഹമ്മദിനാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ ഉറച്ച വിക്കറ്റ് നഷ്ടമായത്.

വിക്കറ്റ് നഷ്ടമായതിനേക്കാളുപരി ഖലീലിന് ഏറ്റവും വലിയ തിരിച്ചടിയായത് അത് വിക്കറ്റാണെന്നുറച്ച് താരം നേരത്തെ തന്നെ ആഘോഷ പ്രകടനം തുടങ്ങിയതാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എ യുടെ ഹാമിഷ് റൂതർഫോഡിന്റെ ഉറപ്പായിരുന്ന വിക്കറ്റാണ് ഖലീലിന് നിഷേധിക്കപ്പെട്ടത്. ഖലീലിന്റെ പന്തിൽ റൂതർഫോഡ് ക്യാച്ചൗട്ടായെങ്കിലും അമ്പയർ വിക്കറ്റ് വിളിച്ചില്ല. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഖലീൽ വിക്കറ്റ് വീണെന്ന ഉറപ്പിൽആഘോഷം തുടങ്ങി. ഇന്ത്യൻ താരങ്ങളും ഖലീലിന്റെ കൂടെ ആഘോഷിക്കാൻ തുടങ്ങിയപ്പോളാണ് അമ്പയർ വിക്കറ്റ് വിളിച്ചില്ലെന്നത് താരങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ഡി ആർ എസ് ഇല്ലാത്തതിനാൽ അമ്പയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള അവസരം ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. നിരാശരായ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ പഴയ ഫീൽഡിംഗ് പൊസിഷനുകളിലേക്ക് മടങ്ങുകയും ചെയ്തു.