SHARE

ഒരു കാലത്ത് വലിയ പ്രതീക്ഷകൾ നൽകി ഇന്ത്യൻ ടീമിലേക്ക് കടന്നു വന്ന താരമാണ് ഇടം കൈയ്യൻ പേസർ ജയ്ദേവ് ഉനദ്കട്ട്. നക്കിൾ ബോളുകളിലൂടെ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളിയായിരുന്ന താരം പക്ഷേ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ദേശീയ ടീമിൽ നിന്ന് പുറത്താവുകയായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ ഉനദ്കട്ട് പോയ രണ്ട് സീസണുകളിലും ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ ക്രിക്കറ്റ് വിമർശകരുടെ പ്രധാന ഇരയായി താരം മാറി‌‌‌.

തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് ഇത്തവണത്തെ അഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനമാണ് ഉനദ്കട്ട് കാഴ്ച വെച്ചത്. സൗരാഷ്ട്ര ടീമിന്റെ നായകൻ കൂടിയായ ഉനദ്കട്ട് മുന്നിൽ നിന്ന്‌ നയിച്ച് ഇക്കുറി അവരെ രഞ്ജി ട്രോഫിയുടെ ഫൈനലിൽ എത്തിക്കുകയായിരുന്നു‌. ഇത്തവണത്തെ രഞ്ജിയിൽ ഇതിനോടകം 68 വിക്കറ്റുകൾ വീഴ്ത്തിയ ഉനദ്കട്ട്, ഒരു‌സീസൺ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന പേസ് ബൗളറെന്ന നേട്ടവും സ്വന്തമാക്കി. മിന്നും പ്രകടനം പുറത്തെടുത്ത ഇത്തവണത്തെ സീസണിലെ പ്രകടനം ഇന്ത്യൻ ടീമിലേക്ക് തന്നെ മടക്കിയെത്തിക്കുമെന്നാണ് ഇപ്പോൾ ഉനദ്കട്ടിന്റെ പ്രതീക്ഷ.

പോയ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്ന് ഉനദ്കട്ട് സൂചിപ്പിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” അവസരം എന്നെ തേടിവരുമെന്ന് ഞാൻ കരുതുന്നു. അതിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ. പ്രായവും എനിക്ക് അനുകൂല‌ഘടകമാണ്. എനിക്ക് 28 വയസ് മാത്രമേ ഉള്ളൂ. ഈ സീസണിൽ ഞാൻ കാഴ്ച വെച്ച പ്രകടനമാണ് ഇനിയുള്ള എന്റെ കരിയറിൽ മുഴുവനും എനിക്ക് ബെഞ്ച്മാർക്ക് ആവുക.” ഉനദ്കട്ട് പറഞ്ഞുനിർത്തി.