SHARE

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള താര ലേലം ബെംഗളൂരുവിൽ പുരോഗമിക്കുന്നു. ലേലത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ പേസ് ബൗളർ ജയ്ദേവ് ഉനദ്കട്ടിന് വേണ്ടിയാണ് വാശിയേറിയ ലേലം നടന്നത്. 1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ ഇടം കൈയ്യൻ പേസറെ സ്വപ്ന വിലയായ 11.5 കോടി രൂപ നൽകി രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു.

നേരത്തെ ചെന്നൈ സൂപ്പർ കിംഗ്സ് 10.5 കോടി വരെയും, കിംഗ്സ് ഇലവൻ പഞ്ചാബ് 11 കോടി വരെയും ഉനദ്കട്ടിന് വേണ്ടി ലേലം വിളിക്കാൻ ഉണ്ടായിരു‌ന്നു. കിംഗ്സ് ഇലവൻ താരത്തെ സ്വന്തമാക്കിയെന്ന് ഉറപ്പിച്ചപ്പോളായിരുന്നു അപ്രതീക്ഷിത വിളിയുമായി രാജസ്ഥാൻ രംഗത്തെത്തിയത്. മറ്റ് ടീമുകൾ കൈയ്യടിച്ചാണ് രാജസ്ഥാന്റെ ഈ നീക്കത്തെ വരവേറ്റത്.

ഓസ്ട്രേലിയൻ പേസ് ബൗളർ നഥാൻ കോൾട്ടർ നൈലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. 2.2 കോടി രൂപയാണ് താരത്തിന് വേണ്ടി ബാംഗ്ലൂർ മുടക്കിയത്.

ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ട് ഈ സീസൺ മുതൽ ഡെൽഹി ഡെയർ ഡെവിൾസിലാണ് കളിക്കുക. 2.2 കോടി രൂപയ്ക്കാണ് ഡെൽഹി, താരത്തെ സ്വന്തമാക്കിയത്.

75 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇന്ത്യൻ പേസർ ഷർദുൽ താക്കൂർ 2.6 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി.

ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്റ്റെയിന് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല.