SHARE

ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം ഫിലിപ് കുട്ടീന്യോ ജനുവരിയിലെ താരലേലത്തില്‍ ബാഴ്‌സലോണയില്‍ എത്തുമെന്നു സൂചന. നെയ്മര്‍ പോയ ഒഴിവില്‍ കുട്ടീന്യോക്കുവേണ്ടി ബാഴ്‌സ മുമ്പ് ഏറെ ശ്രമം നടത്തിയതാണ്. പക്ഷേ, ലിവര്‍പൂള്‍ വിട്ടുകൊടുത്തില്ല. എന്നാല്‍ ജനുവരിയിലെ ലേലത്തില്‍ ഏകദേശം 1100 കോടി രൂപയ്ക്ക് ബാഴ്‌സ വീണ്ടും ശ്രമം നടത്തുമെന്ന് സ്പാനിഷ് പത്രം മുണ്ടോ ഡിപോര്‍ടീവോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഴ്‌സയില്‍ കുട്ടീന്യോയ്ക്ക് താല്‍പ്പര്യമുണ്ട്.

അഞ്ചുവര്‍ഷത്തേക്കാകും കരാറെന്നും ഡിപോര്‍ടീവോ പറയുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാര്‍ടക് മോസ്‌ക്വയ്‌ക്കെതിരെ കുട്ടീന്യോ ഹാട്രിക് നേടിയിരുന്നു. അന്ന് ടീമിനെ നയിച്ചതും കുട്ടീന്യോയായിരുന്നു. അതേസമയം, പുതിയ പ്രതികരണവുമായി കുട്ടീന്യോ രംഗത്തെത്തിയത് ലിവര്‍പൂള്‍ ആരാധകരെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.

ലിവര്‍ തന്നെയാണ് നിലവില്‍ എന്റെ ടീമെന്നും കളിക്കാന്‍ കിട്ടുന്ന ഓരോ അവസരവും എന്റെ കഴിവിന്റെ പരമാവധി ടീമിനായി പ്രയത്‌നിക്കുമെന്നും പറഞ്ഞ താരം എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി.