SHARE

ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ കുതിപ്പ് സമ്മാനിച്ചാണ് അണ്ടര്‍ 17 ലോകകപ്പ് കടന്നുപോയത്. നാളെയുടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ കുട്ടികളുടെ കളി. ലോകകപ്പിനായി ടീമിനെ ഒരുക്കിയ പരിശീലകന്‍ ലൂയിസ് നോര്‍ട്ടണ്‍ ഡിമാറ്റോസ് ഇപ്പോള്‍ പുതിയ തന്ത്രങ്ങളൊരുക്കുന്ന തയാറെടുപ്പിലാണ്. ഐലീഗില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ആരോസ് ടീമിനെ ഒരുക്കുന്നത് ഡിമാറ്റോസ് ആണ്. അണ്ടര്‍ 17, 19 ഇന്ത്യന്‍ താരങ്ങള്‍ അടങ്ങിയ ടീമാണ് ആരോസ്.

ആരോസ് ടീമില്‍ കളിക്കേണ്ട 4-5 താരങ്ങള്‍ വിവിധ ഐഎസ്എല്‍ ക്ലബുകളുമായി കരാറൊപ്പിട്ടതാണ് ഡിമാറ്റോസിനെ ഇപ്പോള്‍ അസ്വസ്ഥനാക്കുന്നത്. ഐഎസ്എല്‍ ടീമിന്റെ ഭാഗമായി സൈഡ് ബെഞ്ചില്‍ ഇരിക്കുന്നതിലും നല്ലത് ഐലീഗില്‍ സീനിയര്‍ താരങ്ങള്‍ക്കെതിരേ 18 മത്സരങ്ങള്‍ കളിക്കുന്നതാണെന്ന് പരിശീലകന്‍ പറയുന്നു. ചെറിയ പ്രായത്തില്‍ എത്ര മത്സരം കൂടുതല്‍ കളിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ മെച്ചപ്പെടുമെന്നാണ് അദേഹം യുവതാരങ്ങളോട് പറയുന്നത്. ഐലീഗിനായി ടീം ലിസ്റ്റ് തയാറാക്കിയെങ്കിലും അഞ്ചോളം താരങ്ങള്‍ വിവിധ ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് വിട്ടുപോരാന്‍ തയാറായിട്ടില്ല.

കൗമാര താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുന്നതിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ പരീക്ഷണമായിരുന്നു ഇന്ത്യന്‍ ആരോസ്. 2010ല്‍ ഐലീഗില്‍ അരങ്ങേറ്റം കുറിച്ച ടീം 2013ലാണ് അവസാന സീസണ്‍ കളിക്കുന്നത്. നേരത്തെ അണ്ടര്‍ 23 കളിക്കാരായിരുന്നു ടീമിലുണ്ടായിരുന്നത്.