SHARE

അടുത്തവർഷം ഉസ്ബക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന അണ്ടർ 23 ഏഷ്യാ കപ്പിനായുള്ള യോ​ഗ്യതാ പോരാട്ടങ്ങൾ അടുത്തമാസം തുടങ്ങുകയാണ്. ​ഗ്രൂപ്പ് ഇയിൽ യുഎഇ, ഒമാൻ, കിർ​ഗിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ​ഗ്രൂപ്പിൽ ജേതാക്കളാകുന്നവർ നേരിട്ട് ടൂർണമെന്റിന് യോ​ഗ്യത നേടും. രണ്ടാം സ്ഥാനത്തെത്തുന്നവർക്കും സാധ്യതുണ്ട്.

യോ​ഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ പോരാട്ടങ്ങൾ ഒക്ടോബർ 27 മുതൽ 31 വരെയാണ്. യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾക്കായി ടീമിനെ ഒരുക്കുന്ന ചുമതല സീനിയർ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് തന്നെയാണ്. യോ​ഗ്യതാ പോരാട്ടങ്ങൾക്കായി 23 അം​ഗ സ്ക്വാഡിനെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇതിന് മുന്നോടിയായി 28 അം​ഗ സാധ്യതാ ലിസ്റ്റ് സ്റ്റിമാച്ച് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ 28 അം​ഗ സ്ക്വാഡിൽ നിന്ന് അഞ്ച് പേരെ ഒഴിവാക്കിയാകും അന്തിമ സ്ക്വാഡ് പ്രഖ്യാപിക്കുക.

റിപ്പോർട്ടുകൾ പ്രകാരം കേരളാ ബ്ലാസ്റ്റേഴ്സിന്റെ നാല് താരങ്ങൾ സാധ്യതാ പട്ടികയിലുണ്ട്. മലയാളി വിങ്ങർ കെപി രാ​ഹുൽ, പ്രതിരോധതാരം റൂയിവ ഹോർമിപാം, ​ഗോളി പ്രഭ്സുഖാൻ ​ഗിൽ, മധ്യനിരതാരം ജീക്സൻ സിങ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്രതിനിധികളെന്നാണ് സൂചന. ഇതിൽ എത്രപേർ അന്തിമ സ്ക്വാഡിലുണ്ടാകുമെന്ന് വ്യക്തമല്ല.

അണ്ടർ 17 ലോകകപ്പ് ടീമിലുണ്ടായിരുന്ന ധീരജ് സിങ്, അപൂയ റാൾട്ടെ, അമർജിത് സിങ്, സുരേഷ് സിങ്, അനികേത് ജാദവ്, കോമൾ തട്ടാൽ, റഹിം അലി തുടങ്ങായ താരങ്ങളൊക്കെ ടീമിലിടം പിടിക്കുമെന്നാണ് സൂചനകൾ. ​ഗോകുലം കേരളയുടെ മലയാളി താരം അലക്സ് സജിയും സ്ക്വാഡിലുണ്ടായേക്കും.