SHARE

അടുത്ത മാസം ഒന്നാം തീയതി മുംബൈയിൽ ആരംഭിക്കാനിരിക്കുന്ന ഇന്റർകോണ്ടിനന്റൽ ചതുർ രാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയെ കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിലെ ഒരു ചരിത്ര നേട്ടം. ടൂർണമെന്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കെനിയയെ നേരിടുമ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാം ഇന്ത്യൻ താരമെന്ന നേട്ടം ഛേത്രിയ്ക്ക് സ്വന്തമാകും. ബൈച്ചുംഗ് ബൂട്ടിയയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യൻ ഫുട്ബോളർ.

2005 ജൂൺ പന്ത്രണ്ടാം തീയതി പാകിസ്ഥാനെതിരായ സൗഹൃദ മത്സരത്തിൽ കളിച്ച് കൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറിയ ഛേത്രി ഇത് വരെ 98 മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സിയണിഞ്ഞത്. ജൂൺ ഒന്നിന് ചൈനീസ് തായ്പേയിക്കെതിരെ നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരം ഛേത്രിയുടെ തൊണ്ണൂറ്റിയൊൻപതാമതെ മത്സരവും തുടർന്ന് നാലാം തീയതി കെനിയയ്ക്കെതിരെ നടക്കുന്നത് നൂറാം മത്സരവുമാകും. അന്താരാഷ്ട്ര ഫുട്ബോളിൽ ഇത് വരെ കളിച്ച 98 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളാണ് ഛേത്രിയുടെ സമ്പാദ്യം. നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള നാലാമത്തെ താരവും ഛേത്രിയാണ്.

അതേ സമയം തന്റെ ചരിത്ര മത്സരം കളിക്കാനിറങ്ങുന്ന ഛേത്രിയെ നൂറാം മത്സരത്തിന് മുൻപ് ആദരിക്കാനുള്ള പരിപാടികൾക്ക് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും, തങ്ങളുടെ സൂപ്പർ ക്യാപ്റ്റന്റെ ചരിത്ര നേട്ടം ആഘോഷിക്കാൻ സഹതാരങ്ങളും പദ്ധതിയിടുന്നുണ്ട് എന്നുമുള്ള സൂചനകളുണ്ട്. അതേ സമയം ഇന്റർകോണ്ടിനന്റൽ കപ്പ് പോലൊരു പ്രധാന ഫുട്ബോൾ ടൂർണമെന്റിനിടയ്ക്ക് യാതൊരു ആഘോഷ പരിപാടികളും വേണ്ടെന്നുള്ള പക്ഷക്കാരനാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഇതേത്തുടർന്ന് പരിപാടികളെല്ലാം പിന്നത്തേക്ക് മാറ്റുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

അടുത്ത വർഷം യു.എ.ഇ യിൽ നടക്കുന്ന ഏഷ്യാകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇന്റർകോണ്ടിനന്റൽ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ. അടുത്ത മാസം ഒന്നാം തീയതി മുതൽ പത്താം തീയതി വരെ മുംബൈയിലാണ് ഇന്റർകോണ്ടിനന്റൽ കപ്പ് നടക്കുക. നാല് ടീമുകളും ഓരോ തവണ വീതം പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇതിന്റെ മത്സരക്രമം.