SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ​​ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്. പിന്നിൽ നിന്ന് തിരിച്ചടിച്ചാണ് യുണൈറ്റഡിന്റെ തകർപ്പൻ ജയം.

വില്ലയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആതിഥേയരായിരുന്നു ആദ്യം ലീഡെടുത്തത്. 24-ാം മിനിറ്റിൽ ബെർട്രാൻഡ് ട്രായോറെയാണ് ​ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതിയിൽ ആസ്റ്റൺ വില്ല മുന്നിൽ. രണ്ടാം പകുതി തുടങ്ങി ഏഴ് മിറ്റിനിനകം യുണൈറ്റഡ് ഒപ്പമെത്തി. പെനാൽറ്റി വലയിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. നാല് മിനിറ്റിന് ശേഷം യുണൈറ്റഡ് ലീഡ് പിടിച്ചുവാങ്ങി. മേസൺ ​ഗ്രീൻവുഡാണ് ​ഗോൾ നേടിയത്. 87-ാം മിനിറ്റിൽ വില്ല ​ഗോൾപോസ്റ്റിലേക്ക് ഒരു ഹെഡർ പറത്തി എഡിൻസൻ കവാനി യുണൈറ്റഡ് വിജയം പൂർത്തിയാക്കി.

യുണൈറ്റഡ് വിജയിച്ചതോടെ പ്രീമിയർ ലീ​ഗ് കിരീടമുറപ്പിക്കാൻ മാഞ്ചസ്റ്റ്‍ സിറ്റി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. നിലവിൽ സിറ്റിയേക്കാൾ പത്ത് പോയിന്റ് പിന്നിലാണ് യുണൈറ്റഡ്. എന്നാൽ സിറ്റിക്കിനി മൂന്നും യുണൈറ്റഡിന് നാലും മത്സരങ്ങളാണുള്ളത്. ഈ ആഴ്ച ലെസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവർക്കെതിരെ യുണൈറ്റഡിന് മത്സരങ്ങളുണ്ട്. ഇതിൽ രണ്ടിലും യുണൈറ്റ‍ഡ് ജയിച്ചാൽ, ശനിയാഴ്ച് ന്യൂകാസിലിനെതിരായ മത്സരം വിജയിച്ച് സിറ്റിക്ക് കിരീടം ഉറപ്പിക്കാം.