SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശജയം. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ബ്രൈട്ടനെ തോൽപ്പിച്ചത്. പത്ത് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമിനൊടുവിലാണ് ചുവന്ന ചെകുത്താന്മാരുടെ നാടകീയ ജയം.

ബ്രൈട്ടന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ആതിഥേയരായിരുന്നു. 40-ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് വീൽ മൗപെയാണ് അവർക്ക് ലീഡ് സമ്മാനിച്ചത്. താരിഖ് ലാംപ്തിയെ ബോക്സിനുള്ളിൽ യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസ് വീഴ്ത്തിയതിനായിരുന്നു ആതിഥേയർക്ക് പെനാൽറ്റി കിക്ക് അനുവദിച്ചത്.

മൂന്ന് മിനിറ്റിനകം തന്നെ യുണൈറ്റഡ് ഒപ്പമെത്തി. ബ്രൈട്ടന്റെ പ്രതിരോധതാരം ലെവിസ് ഡൻകിന്റെ സെൽഫ്​ ​ഗോളാണ് യുണൈറ്റഡിന് ആശ്വാസമായത്. രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റനകം തന്നെ യുണൈറ്റഡ് മുന്നിലെത്തി. ഇക്കുറി ​ഗോൾ നേടിയത് മാർക്കസ് റാഷ്ഫോർഡായിരുന്നു. ​ഗോളിന് വഴിയൊരുക്കിയതാകട്ടെ ബ്രൂണോയും. ഇക്കുറിയും റാഷ്ഫോർഡിന്റെ ഷോട്ട്, ഡൻകിന്റെ കാലിൽ തട്ടിയാണ് വലയിലെത്തയത്. എന്നാൽ ഇത് സെൽഫ് ​ഗോളാകാതെ റാഷ്ഫോർ‍ഡിന് തന്നെ അനുവദിക്കുകയായിരുന്നു.

ഈ ലീഡോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു യുണൈറ്റഡ്. എന്നാൽ ഇഞ്ച്വറി ടൈമിൽ അതുവരെ അധ്വാനിച്ചതിന് ബ്രൈട്ടന് ഫലം കിട്ടി. ഇഞ്ച്വറി ടൈമിന്റെ ആറാം മിനിറ്റിൽ സോളി മാർച്ചിന്റെ ​ഗോളിൽ ബ്രൈട്ടൻ ഒപ്പമെത്തി.

എന്നാൽ മത്സരം അവിടെ അവസാനിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഹാരി മ​ഗ്വയറിന്റെ ​ഹെഡർ, മാർച്ച് ലൈനിൽ വച്ച് ക്ലിയർ ചെയ്തു. എന്നാൽ അതിനുമുമ്പായി പന്ത് ബ്രൈട്ടന്റെ തന്നെ മൗപെയുടെ കൈയ്യിൽ തട്ടിയതായി യുണൈറ്റഡ് താരങ്ങൾ വാദിച്ചു. തുടർന്ന് വാർ പരിശോധനയ്ക്കൊടുവിൽ യുണൈറ്റഡിന് പെനാൽറ്റി അനുവദിച്ചു. തർക്കത്തിനും ബ്രൈട്ടൻ താരങ്ങളുടെ അതൃപ്തിക്കുമൊടുവിൽ ബ്രൂണോ ഫെർണാണ്ടസ് എടുത്ത പെനാൽറ്റി കിക്ക് ലക്ഷ്യത്തിൽ. യുണൈറ്റഡിന് ത്രില്ലർ ജയം.