SHARE

ട്രാൻസ്ഫർ ജാലകം അടയ്ക്കുന്ന ദിവസം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിശ്രമമേയില്ലായിരുന്നു. ടീമിലേക്ക് പുതിയൊരു മുന്നേറ്റതാരത്തെ കൊണ്ടുവരാനുള്ള യുണൈറ്റഡിന്റെ നീക്കത്തിന് ഇന്നലെയാണ് വേ​ഗത വന്നത്. നൈജീരിയൻ സ്ട്രൈക്കർ ഒഡിയോൻ ഇ​ഗ്ഹാലോയെ ഒടുവിൽ യുണൈറ്റഡ് ടീമിലെത്തിക്കുകയായിരുന്നു.

ചൈനീസ് ക്ലബ് ഷാങ്ഹായ് സെൻഹുവയിൽ നിന്ന് ലോണിലാണ് ഇ​ഗ്ഹാലോ മാഞ്ചസ്റ്ററിലെത്തുന്നത്. 30-കാരനായ ഇ​ഗ്ഹാലോ കഴി‍ഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടോപ് സ്കോററായിരുന്നു. എന്നാൽ ചൈനയിൽ കളിക്കുന്ന ഇ​ഗ്ഹാലോയ്ക്ക് പുറമെ ആറ് താരങ്ങളെ കൂടി അവസാന മണിക്കൂറുകളിൽ യുണൈറ്റഡ് പരി​ഗണിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

ബേൺമത്തിന്റെ ജോഷ്വാ കിങ്ങിനേയും സതാംപ്ടന്റെ ഡാനി ഇങ്ങ്സിനേയുമാണ് യുണൈറ്റഡ് പ്രധാനമായും പരി​ഗണിച്ചത്. ഇരുവർക്കുമായും യുണൈറ്റഡ് വിലപറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ ക്ലബുകൾ‍ തയ്യാറായില്ല. പ്രീമിയർ ലീ​ഗിൽ തന്നെ മിന്നുന്ന ഫോമിൽ കളിക്കുന്നവരാണെന്നതാണ് യുണൈറ്റഡിനെ ആകർഷിച്ചത്.

ഇവർക്ക് പുറമെ നോർവിച്ചിന്റെ ഫിൻലൻഡ് താരം ടീമു പൂക്കി, ചൈനയിൽ തന്നെ കളിക്കുന്ന സലാമോൻ റാൺഡോൺ, നാപ്പോളിയുെ ഡ്രെയിസ് മെർട്ടെൻസ്, പി.എസ്.ജിയുടെ എഡിൻസൻ കവാനി എന്നിവർക്കായും യുണൈറ്റഡ് അവസാന നിമിഷം ഒരു നീക്കം നടത്തി. എന്നാൽ ഇതെല്ലാം തന്നെ പാളിപ്പോകുകയായിരുന്നു. ഒടുവിലാണ് അപ്രതീക്ഷിതമായി ഇ​ഗ്ഹാലോയിലേക്ക് യുണൈറ്റഡ് എത്തിയത്. നേരത്തെ വാറ്റ്ഫോഡിനായി പ്രീമിയർ ലീ​ഗിൽ കളിച്ച പരചയമുണ്ട് ഈ നൈജീരിയൻ താരത്തിന്.