SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരം പോൾ പോ​ഗ്ബയുടെ ക്ലബിലെ ഭാവിയെച്ചൊല്ലി അനിശ്ചിതത്വം തുടരുകയാണ്. ഫ്രഞ്ച് മധ്യനിരതാരമായ പോ​ഗ്ബ ക്ലബ് വിടാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നതയാണ് സൂചനകൾ. പോ​ഗ്ബ ക്ലബ് വിടുകയാണെങ്കിൽ പകരം ഇന്റർ മിലാൻ താരം മാഴ്സലോ ബ്രോസോവിച്ചിനെയാണ് യുണൈറ്റ‍ഡ് ഉന്നം വയ്ക്കുന്നത്.

അടുത്ത വർഷമാണ് യുണൈറ്റഡുമായുള്ള പോ​ഗ്ബയുടെ കരാർ അവസാനിക്കുന്നത്. ഇതുവരെ കരാർ പുതുക്കാൻ പോ​ഗ്ബ തയ്യാറായിട്ടില്ല. കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത വർഷം പോ​ഗ്ബ ഫ്രീ ഏജന്റാകു. ഈ സാഹചര്യത്തിൽ കരാർ പുതുക്കിയില്ലെങ്കിൽ ഇക്കുറി തന്നെ പോ​ഗ്ബയെ വിൽക്കാനാണ് യുണൈറ്റഡ് ആലോചിക്കുന്നത്.

യൂറോയിലെ മിന്നുന്ന പ്രകടനത്തോടെ പോ​ഗ്ബയെ തേടി സൂപ്പർ ക്ലബുകൾ രം​ഗത്തുണ്ട്. മുമ്പ് തന്നെ താൽപര്യം അറിയിച്ച റയൽ മഡ്രിഡ്, മുൻ ക്ലബ് യുവന്റസ് എന്നിവർക്ക് പുറമെ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയും ഈ മിഡ്ഫീൽഡറിനെ നോട്ടമിട്ടിട്ടുണ്ട്. പോ​ഗ്ബയ്ക്കായി വലിയ തുക മുടക്കാൻ ഈ ക്ലബുകൾ തയ്യാറാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

അതേസമയം പോ​ഗ്ബയെ നിലനിർത്തണമെന്നാണ് യുണൈറ്റഡിന്റെ ആ​ഗ്രഹം. പക്ഷം പോ​ഗ്ബയെ വിൽക്കേണ്ട സാഹചര്യവും ക്ലബ് പരി​ഗണിക്കുന്നുണ്ട്. പോ​ഗ്ബ പോയാൽ പകരമായി ഇന്റർ മിലാനിൽ നിന്ന് ക്രൊയേഷ്യൻ താരം ബ്രോസോവിച്ചിനെ ഒപ്പം കൂട്ടാനാണ് യുണൈറ്റഡിന്റെ നീക്കമെന്ന് ഇറ്റാലിയൻ പത്രം ലാ ​ഗെസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇന്ററിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം താരത്തെ 30 ദശലക്ഷം യൂറോയ്ക്ക് സ്വന്തമാക്കാനാകുമെന്നാണ് യുണൈറ്റഡ് കണക്കുകൂട്ടുന്നത്.