SHARE

എഫ്.എ. കപ്പ് സെമിഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടനം ഹോട്സ്പർസിനെ നേരിടും . രണ്ടാം സെമിയിൽ ചെൽസിയുടെ എതിരാളികൾ സതാംപ്ടനാണ്. ഏപ്രിൽ 21,22 തീയതികളിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് സെമി മത്സരങ്ങൾ നടക്കുക. മെയ് 19-ന് ഇതേ ​ഗ്രൗണ്ടിൽ തന്നെയാണ് ഫൈനൽ.

സെമിയിൽ സ്വാൻസി സിറ്റിയെ തകർത്താണ് ടോട്ടനം ടിക്കറ്റുറപ്പിച്ചത്. ചെൽസി ലെസ്റ്റർ സിറ്റിയേയും മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈട്ടനേയും തോൽപ്പിച്ചാണ് സെമി കടന്നത്. സതാംപ്ടൻ തോൽപ്പിച്ചത് വി​ഗാൻ അത്ലെറ്റിക്കിനെയാണ്. ക്വാർട്ടറിലെത്തിയ എട്ട് ടീമുകളിൽ പ്രിമിയർ ലീഗിൽ നിന്നല്ലാത്ത ഏക ക്ലബ്ബായിരുന്നു വി​ഗാൻ. മാഞ്ചസ്റ്റർ സിറ്റി, ബേൺമത്ത്, വെസ്റ്റ് ഹാം എന്നീ പ്രിമിയർ ലീ​ഗ് ടീമുകളെ തോൽപ്പിച്ചായിരുന്നു വിഗാന്റെ ക്വാർട്ടർ പ്രവേശനം.

13 തവണ കിരീടം നേടിയ ആഴ്സനലാണ് ഏറ്റവും അധികം തവണ എഫ്.എ കപ്പ് ജേതാക്കളായത്. 12 കിരീടവുമായി തൊട്ടുപിന്നിലുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. ഇക്കുറി കിരീടം നേടിയാൽ കിരീടനേട്ടത്തിൽ ആഴ്സനലിനൊപ്പം യുണൈറ്റഡിന് എത്താനാകും. എട്ട് കിരീടം നേടിയ ടോട്ടനമാണ് കിരീടക്കണക്കിൽ മൂന്നാമത്. ചെൽസി ഏഴ് തവണയും സതാംപ്ടൻ ഒരു തവണയും കിരീടത്തിൽ മുത്തമിട്ടു.