SHARE

ഫ്രഞ്ച് ക്ലബ് ഒളിംപിക്ക് ലിയോണിൽ നിന്ന് മുന്നേറ്റതാരം മോസാ ഡെംബേലെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾക്ക് ഇം​​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വേ​ഗം കൂട്ടുന്നു. താരത്തെ വിൽക്കാൻ തയ്യാറാണെന്ന് ലിയോൺ പ്രസിഡന്റ് അറിയിച്ചതിന് പിന്നാലെയാണിത്.

കഴിഞ്ഞ കുറച്ചുനാളുകളായി മാഞ്ച്സറ്റർ യുണൈറ്റഡടക്കമുള്ള ഇം​ഗ്ലീഷ് ക്ലബുകൾ നോട്ടമിടുന്ന താരമാണ് ഡെംബേലെ. എന്നാൽ മിന്നുന്ന ഫോമിൽ കളിക്കുന്ന താരത്തെ വിൽക്കാൻ അപ്പോഴൊന്നും ലിയോൺ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ വരുന്ന പ്രധാന ട്രാൻസ്ഫർ ജാലകത്തിൽ താരത്തിനായി വീണ്ടും ശ്രമിക്കാനാണ് യുണൈറ്റഡ് പദ്ധതിയിട്ടത്. എന്നാൽ കഴിഞ്ഞ ദിവസം, താരങ്ങളെ വിൽക്കുന്നതിന് ലിയോൺ പ്രസിഡന്റ് ജീൻ മിഷേൽ ഔലാസ് പച്ചക്കൊടി കാട്ടിയതായി ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ താരങ്ങൾക്ക് ഒട്ടേറെ മികച്ച വാ​ഗ്ദാനങ്ങൾ വരുന്നുണ്ടെന്നും, കളിക്കാരുടെ ആ​ഗ്രഹം കൂടി പരി​ഗണിച്ച് ലിയോണിൽ തുടരാൻ താൽപര്യമില്ലത്തവരെ വിൽക്കുമെന്നുമാണ് ഔലാസ് പറഞ്ഞത്.

അതേസമയം ഫ്രഞ്ച് താരത്തിനായി 60 ദശലക്ഷം യൂറോ വരെ ലിയോൺ ചോദിക്കാൻ സാധ്യതയുണ്ട്. മുന്നേറ്റനിരയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന യുണൈറ്റഡ് ആ തുക മുടക്കാൻ തയ്യറാകും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇതേ താരത്തിനായി ചെൽസിയുമായി മത്സരിക്കേണ്ടിവരും യുണൈറ്റഡിന്.