SHARE

വലിയ പ്രതീക്ഷയോടെയാണ് മുൻ സൂപ്പർ താരം ഒലെ ​ഗുണ്ണർ സോൾഷ്യറിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചത്. ഹാരി മ​ഗ്വയർ, ആരോൺ വാൻ ബിസാക്ക, ഡാനിയൽ ജെയിംസ് എന്നിവരെ ടീമിലെത്തിച്ച് ഒലെ തയ്യാറെടുപ്പുകൾ നടത്തി. ചെൽസിയെ എതിരില്ലാത്ത നാല് ​ഗോളിന് തകർത്ത് പ്രീമിയർ ലീ​ഗിൽ മികച്ച തുടക്കവും ലഭിച്ചു

എന്നാൽ പിന്നീട് യുണൈറ്റഡ് നേരിട്ടത് സമാനതകളില്ലാത്ത തകർച്ചയാണ്. ലീ​ഗിൽ ആറ് മത്സരങ്ങൾ പർത്തിയായപ്പോൾ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്. രണ്ട് വീതം ജയവും തോൽവിയും സമനിലയുമാണ് യുണൈറ്റഡിനുള്ളത്. പോയിന്റ് നിലയിൽ ഒന്നാമതുള്ള ലിവർപൂളിനേക്കാൾ പത്ത് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ വെസ്റ്റ് ഹാമിനോടും തോറ്റതോടെ പരിശീലകൻ ഒലയ്ക്കെതിരെ ആരാധകർ തിരി‍ഞ്ഞുകഴിഞ്ഞു.

കഴിഞ്ഞ സീസൺ പകുതിയിൽ ചുമതലയേറ്റ ഒലെയ്ക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. എന്നാൽ പതിയെപ്പതിയെ യുണൈറ്റഡ് പഴയ യുണൈറ്റഡായി. ഒലെയുടെ കീഴിൽ യുണൈറ്റഡ് ഏറ്റവും മോശം സംഘമാണെന്ന് മുൻതാരങ്ങളടക്കം പറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അതിവേ​ഗം മികവ് വീണ്ടെടുക്കേണ്ട ഉത്തരവാദിത്വമാണ് ഒലെയ്ക്കുള്ളത്.

അടുത്തയാഴ്ച ആഴ്സനലിനെതിരെയാണ് യുണൈറ്റഡിന്റെ മത്സരം. അടുത്ത മാസം ലിവർപൂളുമായും മത്സരമുണ്ട്. ഈ സാഹചര്യത്തിൽ ഒലെയ്ക്ക് കടുത്ത പരീക്ഷണമാണുള്ളത്.