SHARE

ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് ലോണിൽ നൽകിയ സൂപ്പർതാരം അലക്സിസ് സാഞ്ചസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവിളിച്ചേക്കും. ഈ സീസൺ അവസാനത്തോടെ സാഞ്ചസിന്റെ ലോൺ കാലവധിയും പൂർത്തിയാകും. തുടർന്ന് താരത്തെ തിരികെവിളിക്കാനാണ് യുണൈറ്റഡ് നീക്കമെന്ന് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആഴ്സനലിൽ നിന്ന് 2018 തുടക്കത്തിൽ യുണൈറ്റഡിലെത്തിയ താരമാണ് സാഞ്ചസ്. എന്നാൽ പ്രതീക്ഷിച്ചത്ര മിന്നുന്ന പ്രകടനം യുണൈറ്റഡിനൊപ്പം നടത്താൻ സാഞ്ചസിനായില്ല. ഇതിനിടെ ക്ലബുമായും ചില ഭിന്നതകൾ താരത്തിനുണ്ടായി. ഇതിനൊക്കെ പിന്നാലെയാണ് ഇക്കുറി താരത്തെ ഇന്റർ മിലാന് നൽകിയത്. എന്നാൽ ലോൺ കരാറിൽ സാഞ്ചസിനെ പിന്നീട് സ്വന്തമാക്കാനുള്ള അവസരം ഇന്ററിനില്ല. ഇതോടെ ലോൺ അവസാനിക്കുന്നതോടെ താരത്തെ തിരികെയെത്തിക്കാനാണ് യുണൈറ്റഡ് നീക്കം.

യുണൈറ്റഡുമായുള്ള താരത്തിന്റെ കരാറിൽ ഇനയും രണ്ട് വർഷം കൂടി ബാക്കിയുണ്ട്. അതിനാൽ തന്നെ കുറഞ്ഞ ഒരു ട്രാൻസ്ഫർ തുകയ്ക്ക് താരത്തെ വിൽക്കാൻ യുണൈറ്റഡ് തയ്യാറായക്കില്ല. ഇതിനിടെ സാഞ്ചസിനെ അടുത്ത സീസണിലേക്കുള്ള പദ്ധതികളിൽ ഉൾപ്പടുത്താൻ പരിശീലകൻ ഒലെ ​ഗുണ്ണാർ സോൾഷ്യറിന് ക്ലബ് അധികൃതരിൽ നിന്ന് നിർദേശം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇന്ററിലെത്തിയെങ്കിലും ഇതുവരെ കാര്യമായി ഒന്നും ചെയ്യാൻ സാഞ്ചസിനായില്ല. കാലിനേറ്റ പരുക്കിനെത്തുടർന്ന് ഇറ്റലിയിലും സാഞ്ചസിന്റെ കരിയർ അത്ര സു​ഗമമായല്ല മുന്നോട്ടുപോകുന്നത്. അതുകൊണ്ട് തന്നെ ലോൺ കാലവധി നീട്ടിക്കിട്ടാനുള്ള ശ്രമങ്ങൾ ഇന്ററിൽ നിന്നും ഉണ്ടാകാനിടയില്ല.