രൂക്ഷ വിമർശനമേറ്റുവാങ്ങുന്ന ജെസി ലിൻഗാർഡിനെ വിറ്റൊഴിവാക്കാനുള്ള ആലോചനയിൽ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഒരു ഗോളോ, അസിസ്റ്റോ സ്വന്തം പേരിൽ ചേർക്കാൻ കഴിയാത്ത ലിൻഗാർഡിനെ യുണൈറ്റഡിൽ നിന്ന് ഒഴിവാക്കണമെന്ന് മുറവിളി തുടരുന്നതിനിടെയാണിത്.
യുണൈറ്റഡിൽ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല എന്ന വിമർശനം കേൾക്കുന്ന ലിൻഗാർഡിന്റെ കളിക്കളത്തിലെ ആത്മാർഥതയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും താരത്തെ നിലനിർത്തുന്നത് കാര്യങ്ങൾ വഷളാകുകയേയുള്ളുവെന്ന് യുണൈറ്റഡിന് തോന്നിയെന്നാണ് റിപ്പോർട്ടുകൾ. ലിൻഗാർഡിനെ ഒഴിവാക്കുന്ന സ്ഥാനത്തേക്ക് ലെസ്റ്റർ സിറ്റിയുടെ താരം ജെയിംസ് മാഡിസനെ എത്തിക്കാനാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.
പ്രീമിയർ ലീഗിൽ ഇക്കുറി ലെസ്റ്ററിന്റെ കുതിപ്പിന് പിന്നിൽ ശ്രദ്ധേയ പ്രകടനമാണ് മാഡിസൻ നടത്തുന്നത്. അതിനാൽ തന്നെ വൻക്ലബുകൾ തന്നെ മാഡിസനായി രംഗത്തുണ്ട്. ഇതിനിടെയാണ് ലിൻഗാർഡിനേയും ഒപ്പം പണവും നൽകി മാഡിസനെ സ്വന്തമാക്കാനുള്ള ശ്രമവുമായി യുണൈറ്റഡ് എത്തുന്നത്.
45 ദശലക്ഷം യൂറോയും ഒപ്പം ലിൻഗാർഡിനേയുമാണ് യുണൈറ്റഡ് ലെസ്റ്ററിന് മുന്നിൽ വച്ചിരിക്കുന്ന വാഗ്ദാനം. എന്നാൽ ലെസ്റ്റിർ ഈ ചൂണ്ടയിൽ കൊളുത്താനുള്ള സാധ്യത കുറവാണ്. മാഡിസനെ തൽക്കാലം വിൽക്കാൻ ലെസ്റ്റർ ഉദ്ദേശിക്കുന്നില്ല, എന്നതിനൊപ്പം വൻതുക പണമായി തന്നെ സ്വന്തമാക്കാനാകും ലെസ്റ്ററിന് താൽപര്യം.
അതേസമയം മാഡിസന് പകരം ലിൻഗാർഡിനെ വാഗ്ദാനം ചെയ്തെന്ന വാർത്തകൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ആഘോഷമായി കഴിഞ്ഞു.