SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോൾ പോ​ഗ്ബ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമാകുന്നില്ല. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കാൻ തയ്യാറായിട്ടില്ല. ഇതോടെ പോ​ഗ്ബ ക്ലബ വിടുന്ന സാഹചര്യം യുണൈറ്റഡ് മുന്നിൽ കണ്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

യുണൈറ്റഡുമായി കരാർ പുതുക്കാൻ പോ​ഗ്ബ വിമുഖത കാട്ടുന്നതായാണ് സൂചനകൾ. ഇതിനിടെ ഫ്രഞ്ച് താരത്തെ തേടി സൂപ്പർ ക്ലബ് പി.എസ്.ജി രം​ഗത്തുണ്ടെന്നാണ് സ്പാനിഷ് പത്രമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പോ​ഗ്ബയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന റയൽ മഡ്രിഡാകട്ടെ തൽക്കാലം ഒരു സൈനിങ്ങും നടത്തുന്നില്ല എന്നാണ് സൂചന. കരാർ പുതുക്കാൻ തയ്യാറായില്ലെങ്കിൽ പോ​ഗ്ബയെ ഇക്കുറി തന്നെ വിൽക്കാൻ യുണൈറ്റഡ് ശ്രമിച്ചേക്കും. അടുത്ത സീസണോട് താരം ഫ്രീ ഏജന്റായി ക്ലബ് വിടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു നീക്കം.

പോ​ഗ്ബ യുണൈറ്റഡ് വിടുന്ന സാഹചര്യമുണ്ടായാൽ പകരം ജർമൻ താരം ലിയോൺ ​ഗോരെറ്റ്സകയെയാണ് യുണൈറ്റ‍ഡ് നോട്ടമിട്ടിരിക്കുന്നതെന്ന് സൺ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബയേൺ മ്യൂണിച്ച് താരമായ ​ഗോരെറ്റ്സ്കയുടേയും ക്ലബുമായുള്ള കരാർ അടുത്ത സീസണോടെ അവസാനിക്കും.