SHARE

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ഫുട്ബോൾ താരങ്ങൾ വിവാദനായകരാകാറുണ്ട്. ചിലപ്പോഴൊക്കെ പലർക്കും മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ അപൂർവമായിട്ടാണെങ്കിലും പോസ്റ്റിന് പ്രതികരിച്ചു എന്ന കാരണത്താലും ചില കളിക്കാർക്ക് പണികിട്ടിയിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയ വലൻസിയ.

കഴിഞ്ഞ ദിവസം സ്പാനിഷ് ക്ലബ് വലൻസിയക്കെതിരായ ചാമ്പ്യൻസ് ലീ​ഗിലെ ​ഗോൾരഹിത സമനിലയ്ക്ക് ശേഷമാണ് വലൻസിയക്ക് പണികിട്ടിയത്. വലൻസിയയുടെ ചിത്രം ഉൾപ്പെടുത്തി വന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താരം ലൈക്കടിച്ചു.

എന്നാൽ സംഭവം വിവാദമായി. കാരണം, യുണൈറ്റഡ് പരിശീലകൻ ഹോസെ മൊറീന്യോ സ്ഥാനമൊഴിയണം എന്ന് പോസ്റ്റിൽ കുറിച്ചിരുന്നു. മൊറീനോയയും വലൻസിയയും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടെന്ന് വാർത്തകൾ നേരത്തെ പരന്നിരുന്നു. ഈ സാഹചര്യത്തിൽ പോസ്റ്റിന് ലൈക്കടിച്ചത് വാർത്തയായി

സംഭവം വിവാദമായതോടെ വലൻസിയ തന്നെ വിശദീകരണവുമായി എത്തി. ചിത്രം കണ്ടാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. അതിൽ കുറിച്ചിരുന്നത് വായിച്ചിരുന്നില്ല, അത് തന്റെ അഭപ്രായമല്ല, തെറ്റ് സംഭവിച്ചതിൽ മാപ്പ് ചോദിക്കുന്നു, വലൻസിയ ട്വിറ്ററിൽ കുറിച്ചു