SHARE

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരമെന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ട താരമാണ് ഉന്മുക്ത് ചന്ദ്. 2012 ൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ നായകനായിരുന്ന ഉന്മുക്തിന് പക്ഷേ പ്രതീക്ഷിച്ചത് പോലെ പിന്നീട് ക്രിക്കറ്റിൽ ക്ഷോഭിക്കാനായില്ല. ഐപിഎല്ലിലും ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലും തുടർ പരാജയമായതോടെ താരം ക്രിക്കറ്റ് പ്രേമികളുടെ മനസിൽ നിന്ന് മാഞ്ഞു.

അഭ്യന്തര ക്രിക്കറ്റിൽ ഡെൽഹിയുടെ താരമായിരുന്ന ഉന്മുക്ത് ചന്ദ് കഴിഞ്ഞ സീസണിൽ ചില ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ച വെച്ച് ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ‌ ദിവസമാണ് ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിക്കുള്ള ഡെൽഹിയുടെ അമ്പതംഗ സാധ്യതാ ടീമിനെ ഡെൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ ഇടം പിടിക്കാൻ താരത്തിനായില്ല. ഇപ്പോളിതാ ഡെൽഹി ടീമിൽ നിന്ന് തഴയപ്പെട്ടതിന്‌ പിന്നാലെ ഈ സീസണിൽ പുതിയ ടീമിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരിക്കുകയാണ് ഉന്മുക്ത് ചന്ദ്.

ഇന്ത്യൻ ക്രിക്കറ്റിലെ കുഞ്ഞൻ ടീമായ ഉത്തരാഖണ്ഡിലാകും ഈ സീസണിൽ ഉന്മുക്ത് ചന്ദ് കളിക്കുക. ഗസ്റ്റ് പ്ലേയറായി ഉത്തരാഖണ്ഡിലെത്തുന്ന താരം ഇത്തവണ അവരുടെ ക്യാപ്റ്റൻസിയും ഏറ്റെടുക്കും. നേരത്തെ സീനിയർ ഓൾ റൗണ്ടർ രജത് ഭാട്ടിയ ആയിരുന്നു ഉത്തരാഖണ്ഡിന്റെ നായകൻ. തന്റെ പതിനാറാം വയസിൽ ഡെൽഹിക്കായി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറിയ ചന്ദ്, ടീം മാറുന്ന വേളയിൽ ഡെൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനും ആരാധകർക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്‌.