SHARE

ഇക്കുറി യൂറോ കപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഫ്രാൻസ്. കഴിഞ്ഞ യൂറോ കപ്പിൽ ഫൈനലിലെത്തിയ അവർ ലോകകപ്പ് നേടിയിരുന്നു. ഇക്കുറി സന്നാഹമത്സരങ്ങളിൽ ഉജ്ജ്വലപ്രകടനം നടത്തിയാണ് ഫ്രാൻസിന്റെ വരവ്. എന്നാൽ യൂറോ തുടങ്ങാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഫ്രഞ്ച് ക്യാംപിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ബൾ​ഗേറിയക്കെതിരായ ഫ്രാൻസിന്റെ വിജയത്തിന് പിന്നാലെയാണ് ടീമിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലെ എക്വിപെയും മാർക്കയും റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഒളിവർ ജിറൂഡ് നേടിയ ഇരട്ട​ഗോളാണ് ഫ്രാൻസിന് മികച്ച ജയം സമ്മാനിച്ചത്. എന്നാൽ മത്സരശേഷം ജിറൂഡ് നടത്തിയ പ്രതികരണം ടീമിലെ സഹസ്ട്രൈക്കറായ കെയ്ലിൻ എംബാപെയെ ഉന്നം വച്ചതോടെയാണ് പ്രശ്നമായത്.

മത്സരത്തിൽ തനിക്ക് പലപ്പോഴും പന്ത് പാസ് ചെയ്യാൻ ആരും തയ്യാറായില്ല എന്നാണ് ജിറൂഡ് പറഞ്ഞത്. ടീം കുറേക്കൂടി ഫലപ്രദമായി കളിച്ചിരുന്നെങ്കിൽ കൂടുതൽ ​ഗോൾ നേടാമായിരുന്നെന്നും ജിറൂഡ് കൂട്ടിച്ചേർത്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ കരീം ബെൻസിമ കളിച്ചപ്പോൾ എംബാപെ, പന്ത് പാസ് ചെയ്തെന്നും, പിന്നീട് ബെൻസിമയ്ക്ക് പകരക്കാരനായി താൻ ഇറങ്ങിയപ്പോൾ ആ പിന്തുണ കിട്ടിയിലെന്നും ജിറൂഡിന് തോന്നിയതായാണ് റിപ്പോർട്ടുകൾ.

ജിറൂഡ് പറഞ്ഞതിനോട് എംബാപെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തന്റെ ഭാ​ഗം വിശദീകരിക്കാനായി എംബാപെ പത്രസമ്മേളനം വിളിക്കാൻ തയ്യാറായെന്നും എന്നാൽ പരിശീലകൻ ദിദിയർ ദെംഷാം ഇടപെട്ട് തടയുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ജിറൂഡ് തന്റെ പ്രതികരണങ്ങളിൽ എംബാപെയോട് മാപ്പ് പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്യുന്നുണ്ട്.