SHARE

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാംഏകദിന മത്സരത്തിനിടെ പരിക്കേറ്റ് ഇന്ത്യൻ യുവതാരം ഋഷഭ് പന്ത്. മത്സരത്തിൽ വെസ്റ്റിൻഡീസ് താരത്തിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പന്തിന് പരിക്കേറ്റത്. സംഭവം നടന്നയുടനെ മൈതാനം വിട്ട പന്തിന്റെ പരിക്ക് പക്ഷേ സാരമുള്ളതല്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

വെസ്റ്റിൻഡീസ് ഇന്നിംഗ്സിന്റെ 36-ം ഓവറിനിടെയായിരുന്നു‌ സംഭവം. യുസ് വേന്ദ്ര ചഹൽ എറിഞ്ഞ പന്ത് സിക്സറിന്‌ പറത്താനുള്ള വിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവലിന്റെ ശ്രമത്തിനൊടുവിൽ പന്ത് ഉയർന്ന് പൊങ്ങി. ബൗണ്ടറിക്ക് മുകളിലൂടെ പോവുകയായിരുന്ന പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഋഷഭ് പന്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. താരം ബൗണ്ടറിക്കരികിലുള്ള ബാനറിലിടിച്ചു വീണു. സംഭവം അല്പം ഗുരുതരമാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള രംഗങ്ങൾ. അല്പം നേരം മൈതാനത്തിരുന്ന പന്ത്, പിന്നീട് ടീം ഫിസിയോയ്ക്കൊപ്പം ഗ്രൗണ്ടിൽ നിന്നു മടങ്ങി.

അതേ സമയം പരിക്ക് അത്ര ഗുരുതരമല്ലെങ്കിലും ചെറിയ രീതിയിലുള്ള ക്ഷതം പന്തിന് സംഭവിച്ചിട്ടുണ്ട്. പന്തിന്റെ ഇരു കൈകളിലേയും വിരലിനും, ഇടത് തോളിനുമാണ് പരിക്ക് പറ്റിയിരിക്കുന്നത്. പരിക്കിന്റെ പിടിയിലായ പന്ത് മൂന്നാം ഏകദിനത്തിൽ കളിക്കുമോയെന്ന കാര്യം സംശയത്തിലാണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.