SHARE

അടുത്ത മാസം ബ്രസീലിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പത്തിന് മുൻ തൂക്കം നൽകിക്കൊണ്ടുള്ള 23 അംഗ ടീമിനെയാണ് പരിശീലകൻ ഓസ്കാർ ടബാരസ് പ്രഖ്യാപിച്ചിരിക്കുന്നത്‌. ബാഴ്സലോണ സൂപ്പർ താരം ലൂയി സുവാരസിന് പുറമേ എഡിസൺ കവാനി, ഡിയഗോ ഗോഡിൻ തുടങ്ങിയ വെറ്ററൻ താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇത് ആറാം തവണയാണ് ടബാരസ് കോപ്പ അമേരിക്കയിൽ ഉറുഗ്വേയേ പരിശീലിപ്പിക്കാനൊരുങ്ങുന്നത്. കോപ്പ അമേരിക്ക ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ള ടീമായ ഉറുഗ്വേ തങ്ങളുടെ കിരീട നേട്ടം വർധിപ്പിക്കാനുറച്ചാണ് ഇക്കുറി ടൂർണമെന്റിനിറങ്ങുന്നത്. 15 തവണയാണ് ഉറുഗ്വേ കോപ്പ അമേരിക്കയിൽ മുത്തമിട്ടത്. 14 തവണ കിരീടം ചൂടിയ അർജന്റീനയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

അതേ സമയം ടീമിൽ ഉൾപ്പെട്ടെങ്കിലും ലൂയി സുവാരസ് ഇത്തവണ കോപ്പ അമേരിക്കയിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. വലത് കാൽമുട്ടിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം താരം പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാലാണ് ഇത്. അതേ സമയം സൂപ്പർ താരങ്ങളടങ്ങിയ ടീമിൽ ഉറുഗ്വെൻ അഭ്യന്തര ലീഗിൽ കളിക്കുന്ന ഒരു താരം മാത്രമാണ് ഇടംപിടിച്ചത്.‌ പെനറോളിന്റെ ഇരുപത്തിനാലുകാരൻ മധ്യനിര താരം ജിയോവാനി ഗോൺ സാലസാണത്. കോപ്പ അമേരിക്കയിൽ ഇത്തവണ ചിലി, ജപ്പാൻ, ഇക്വഡോർ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സി യിലാണ് ഉറുഗ്വെ കളിക്കുക. ജൂൺ പതിനാറിന് ഇക്വഡോറിനെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ മത്സരം.