SHARE

ബ്രസീലിന്റെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് സർക്കാർ ജീവനക്കാർക്ക് മത്സരം കാണാൽ തരത്തിൽ ജോലിസമയം ക്രമീകരിക്കാൻ ബ്രസീലിൽ തീരുമാനമുണ്ടായത് കഴിഞ്ഞ ദിവസങ്ങളിലാണ്. രാജ്യത്തെ ബാങ്കുകളിൽ പ്രവർത്തനസമയം പുനക്രമീകരിക്കുന്നതിന് നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ യുറു​ഗ്വയും ബ്രസീലിന്റെ മാതൃക പിന്തുടരുകയാണ്.

ലൂയിസ് സുവാരസും സംഘവും റഷ്യൻ മണ്ണിൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ, ക്ലാസുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുറു​ഗ്വേയിലെ കാതലിക്ക് സർവകലാശാല. തലസ്ഥാനമായ മോണ്ടിവീഡിയോയിൽ പതിനായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയാണിത്. ലോകകപ്പിൽ യുറു​ഗ്വേയുടെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ക്ലാസുകൾ മാത്രമല്ല മറ്റ് അനുബന്ധ പ്രവർത്തനങ്ങളും നടത്തരുതെന്നാണ് വൈസ് ചാൻസലർ വിദ്യാർഥികൾക്കയച്ച കത്തിൽ പറയുന്നത്.

ഫുട്ബോളാണ് യുറു​ഗ്വേയൻ ജനതയെ ഒന്നിപ്പിക്കുന്ന ഘടകം. ലോകകപ്പിൽ ടീം കളിക്കാനിറങ്ങുമ്പോൾ ഒന്നിച്ചിരുന്ന് മത്സരം കണ്ട് നമ്മുടെ ഐക്യം ശക്തിപ്പെടുത്തണം, വൈസ് ചാൻസലറുടെ കത്തിൽ വ്യക്തമാക്കുന്നു. ലോകകപ്പിൽ റഷ്യ, ഈജിപത്, സൗദി അറേബ്യ എന്നിവർക്കൊപ്പം ​ഗ്രൂപ്പ് എയിലാണ് യുറു​ഗ്വേ കളിക്കുന്നത്.