SHARE

മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനുറ്റിൽ ഗിമെനസ് നേടിയ ഹെഡർ ഗോളിൽ ആഫ്രിക്കൻ കരുത്തരായ ഈജിപ്റ്റിനെ കീഴടക്കി ഉറുഗ്വെ. സ്കോർ (ഉറുഗ്വെ 1- 0 ഈജിപ്റ്റ്). മത്സരത്തിന്റെ അവസാന നിമിഷം പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടംകാഴ്ച വെക്കാൻ കഴിഞ്ഞ അഭിമാനത്തിലാണ് ഈജിപ്റ്റ് മടങ്ങുന്നത്. സൂപ്പർ താരം മൊഹമ്മദ് സാല കളിക്കാതിരുന്നതും അവർക്ക് തിരിച്ചടിയായി.

മത്സരത്തിന്റ പല ഘട്ടങ്ങളിലും ഉറുഗ്വെയ്ക്ക് കനത്ത ഭീഷണി ഉയർത്താൻ ഈജിപ്റ്റിന് കഴിഞ്ഞു. ആദ്യ പകുതിക്ക് പിരിയുമ്പോൾ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു‌. കവാനിയും, സുവാരസും ചേർന്നുള്ള മുന്നേറ്റങ്ങളുടെയെല്ലാം മുനയോടിച്ച ഈജിപ്റ്റ് പ്രതിരോധം മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 28 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കുന്നതിന്റെ യാതൊരു സമ്മർദവുമില്ലാതെയായിരുന്നു ഈജിപ്റ്റ് താരങ്ങളുടെ കളി.

മത്സരത്തിന്റെ 83-ം മിനുറ്റിൽ സുവാരസും, കവാനിയും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ കവാനി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഈജിപ്റ്റ് ഗോൾകീപ്പർ ഷെനാവി തട്ടിയകറ്റിയപ്പോൾ, 87-ം മിനുറ്റിൽ കവാനി എടുത്ത തകർപ്പൻ ഫ്രീകിക്ക് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. മത്സരത്തിലുടനീളം പൊരുതി നിന്ന ഈജിപ്റ്റിന്റെ പ്രതിരോധനിരയേയും, ഗോൾകീപ്പറേയും മറികടന്ന് 89-ം മിനുറ്റിൽ ഉറുഗ്വൻ താരം ഗിമെനസ് ഗോൾ വല കുലുക്കി. ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്തിലായിരുന്നു താരത്തിന്റെ വിജയ ഗോൾ പിറന്നത്.