SHARE

ഓസ്ട്രേലിയൻ ഫുട്ബോൾ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മരൈനേഴ്സിൽ കളിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് തന്റെ ഫുട്ബോൾ അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയയിലെ ഒരു അമേച്വർ ക്ലബ്ബിനെതിരെ ഇന്നലെയായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം. മത്സരത്തിൽ സെൻട്രൽ കോസ്റ്റിന്റെ ഇടത് വിംഗിൽ കളിച്ച ബോൾട്ട് ചില മികച്ച മുന്നേറ്റങ്ങളിലൂടെ ആരാധകരുടെ കൈയ്യടിയുംനേടി.

പതിനായിരത്തോളം വരുന്ന കാണികളുടെ മുന്നിൽ തന്റെ ആദ്യ മത്സരത്തിൽ ഇരുപതോളംമിനുറ്റാണ് ബോൾട്ട് കളിച്ചത്. 95-ം നമ്പർ ജേഴ്സിയണിഞ്ഞ് മത്സരത്തിന്റെ 72-ം മിനുറ്റിൽ പകരക്കാരനായാണ് ബോൾട്ട് കളിക്കാനിറങ്ങിയത്. ബോൾട്ടിന്റെ കന്നി മത്സരത്തിൽ ടീം 6-1 ന്റെ തകർപ്പൻ ജയം നേടുകയും ചെയ്തു. പ്രൊഫഷണൽ ഫുട്ബോളർ ആവുകയെന്ന ലക്ഷ്യത്തോടെ നിലവിൽ ഓസ്ട്രേലിയൻ ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മരൈനേഴ്സിൽ ആറാഴ്ചയോളം നീണ്ട് നിൽക്കുന്ന ട്രയൽസിൽ പങ്കെടുക്കുകയാണ് ബോൾട്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തിൽ താരം പങ്കെടുത്തത്‌. ട്രയൽസിലും പരിശീലന മത്സരങ്ങളിലും കാഴ്ച വെക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബോൾട്ടിന്റെ ക്ലബ്ബിലെ ഭാവി തീരുമാനിക്കുക.

നേരത്തെ, കഴിഞ്ഞവര്‍ഷം ലണ്ടനില്‍ നടന്ന ലോക അത്‌ലെറ്റിക്ക്‌സ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് ബോള്‍ട്ട് ട്രാക്കില്‍ നിന്ന് വിരമിച്ചത്. എട്ട് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവായ ബോള്‍ട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇംഗ്ലീഷ് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം ഉടമയായിട്ടുള്ള യു.എസ് ക്ലബിലും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ അടുത്തിടെ ബോള്‍ട്ട് വ്യക്തമാക്കിയിരുന്നു.