SHARE

പുതുവർഷദിനത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ട്രാൻസ്ഫറായിരുന്നു നെരിജൂസ് വാൽസ്കിസിന്റേത്. ലിത്വാനിയൻ സ്ട്രൈക്കറായ വാൽസ്കിസ് തന്റെ പഴയ ക്ലബായ ചെന്നൈയിൻ എഫ്സിയിലേക്കാണ് തിരിച്ചെത്തിയത്. ജെംഷദ്പുർ എഫ്സിയിൽ നിന്നാണ് വാൽസ്കിസ് ചെന്നൈയിനിലേക്ക് കൂടുമാറിയത്.

നാളെ എഫ്സി ​ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ചെന്നൈയിനായുള്ള രണ്ടാം വരവിൽ വാൽസ്കിസ് ആദ്യ മത്സരം കളിക്കും. ചെന്നൈയിനിലേക്ക് തിരിച്ചുവരവിന് നേരത്തെ ശ്രമിച്ചതാണെന്നും എന്നാൽ അന്ന് നീക്കം നടന്നില്ലെന്നും, ഇപ്പോൾ തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും വാൽസ്കിസ് പറഞ്ഞു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വാൽസ്കിസ് ഇക്കാര്യം പറഞ്ഞത്.

ജെംഷ്ദപുരിൽ ഞാൻ തൃപ്തനായിരുന്നില്ല, എന്റെ പ്രകടനവും ടീമിന്റെ ശൈലിയുമൊന്നും തന്നെ എന്നെ തൃപ്തിപ്പെടുത്തിയില്ല, അത് ക്ലബിനും അറിയാമായിരുന്നു, എന്നിട്ടും സമ്മറിൽ അവർ എന്നെ നിലനിർത്തി, ഒടുവിൽ ഇപ്പോൾ ആ പ്രശ്നത്തിന് ഞങ്ങൾ പരിഹാരം കണ്ടെത്തി, ചെന്നൈയിനിലേക്ക് തിരിച്ചെത്താനായതിൽ വളരെയേറെ സന്തോഷം, ഇവിടെ ചെന്നൈയിനിൽ സ്റ്റാഫും, മറ്റ് കളിക്കാരും ആരാധകരുമെല്ലാം എനിക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്, വാൽസ്കിസ് പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.