SHARE

2011 ഇന്ത്യൻ പ്രീമിയർ ലീഗിലെ അദ്ഭുതതാരമായിരുന്നു പോൾ വാൽത്താട്ടിയെന്ന മുംബൈ സ്വദേശി. ആ വർഷം കിംഗ്സ് ഇലവൻ പഞ്ചാബിനായി 12 മത്സരങ്ങളിൽ 463 റൺസ് അടിച്ച് കൂട്ടിയ താരത്തിന് പക്ഷേ തുടർന്നുള്ള സീസണുകളിൽ ഫോമിലേക്കുയരാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ 2013 ൽ താരം പഞ്ചാബ് ടീമിൽ നിന്ന് പുറത്താവുകയും ചെയ്തു.

2013 ന് ശേഷം സീനിയർ തലത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാനും വാൽത്താട്ടിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതാ 5 വർഷത്തിന് ശേഷം താരം വീണ്ടും മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ്. ഈ മാസം നടക്കുന്ന മുംബൈ ടി20 ലീഗിൽ വാൽത്താട്ടിയും കളിക്കാനുണ്ടാകും. പ്രഥമ മുംബൈ ടി20 ലീഗിന് മുന്നോടിയായി ഇന്ന് നടന്ന താരലേലത്തിൽ 50000 രൂപ മുടക്കി മുംബൈ സൗത്ത് സെൻട്രൽ ടീമാണ് വാൽത്താട്ടിയെ സ്വന്തമാക്കിയത്. അഞ്ച് വർഷത്തിന് ശേഷമാണ് ടി20 ക്രിക്കറ്റിലേക്ക് താരത്തിന്റെ തിരിച്ചു വരവ്.

2009 ൽ രാജസ്ഥാൻ റോയൽസിലൂടെയാണ് ഐപിഎല്ലിൽ എത്തുന്നതെങ്കിലും 2011 ൽ പഞ്ചാബിന് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളായിരുന്നു വാൽത്തട്ടിയെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടു വന്നത്. ആ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേടിയ സെഞ്ചുറി പ്രകടനം ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ആരാധകരെ താരത്തിന് നേടിക്കൊടുത്തിരു‌ന്നു.