SHARE

നെതർലൻഡ്സ് ദേശീയ ടീം പരിശീലകനായ റൊണാൾഡ് കോമൻ സെറ്റിയന് പകരക്കാരനായി ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഇന്നലെയാണ് ഉറപ്പായത്. ഇപ്പോളിതാ ബാഴ്സയിലെത്തുന്ന അദ്ദേഹം തനിക്ക് കീഴിലെ ക്ലബ്ബിന്റെ ആദ്യ സൈനിംഗ് ആരായിരിക്കണമെന്ന കാര്യവും തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു.

നേരത്തെ റയൽ മാഡ്രിഡ് നോട്ടമിട്ടിരുന്ന ഡച്ച് ക്ലബ്ബ് അയാക്സിന്റെ മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെയാണ് ബാഴ്സലോണയിലെത്തിക്കാൻ കോമൻ നോട്ടമിട്ടിരിക്കുന്നത്. ലെ10 സ്പോർട്സാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടത്.

അയാക്സ് അക്കാദമിയിലൂടെ ഉയർന്ന് വന്ന ഈ ഇരുപത്തിമൂന്നുകാരൻ, സീനിയർ തലത്തിൽ ക്ലബ്ബിനായി 175 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയതിനൊപ്പം 33 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്‌. നെതർലൻഡ്സ് ദേശീയ ടീമിലുമുള്ള വാൻ ഡി ബീക്ക്, ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കാൻ ഒരുങ്ങുന്ന റൊണാൾഡ് കോമന്റെ പ്രിയപ്പെട്ട യുവ താരങ്ങളിലൊരാൾ കൂടിയാണ്‌.

നേരത്തെ റയൽ മാഡ്രിഡിന് പുറമേ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഈ മധ്യനിര താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ കോമൻ ബാഴ്സലോണ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നതിനാൽ അദ്ദേഹത്തിന്റെ ശിഷ്യനായ ഈ യുവ മിഡ്ഫീൽഡർ, ഇക്കുറി ക്യാമ്പ് നൗവിലേക്കെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.