SHARE

നെതര്‍ലന്‍ഡിന്റെ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്ക്, പുതുവര്‍ഷം മുതല്‍ ലിവര്‍പൂളില്‍ പന്ത് തട്ടും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിന്റെ താരമായ വാന്‍ ഡൈക്കിന് റിക്കാര്‍ഡ് വില നല്‍കിയാണ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിലെത്തിച്ചതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും വാന്‍ ഡൈക്കിനായി വലവീശിയിരുന്നു. വാന്‍ ഡൈക്കിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് സതാംപ്ടണുമായി കരാറിലെത്തിയെന്ന് ലിവര്‍പൂള്‍ ക്ലബും അറിയിച്ചു.

75 ദശലക്ഷം യൂറോയാണ് ലിവര്‍പൂള്‍ വാന്‍ ഡൈക്കിനായി ചിലവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ ഒരു പ്രതിരോധ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്.ഫ്രഞ്ച്‌ താരം ബെഞ്ചമിന്‍ മെന്‍ഡി, ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ്, ഇറ്റാലിയന്‍ താരം ലിയനാര്‍ഡോ ബനൂച്ചി എന്നിവരെയൊക്കെയാണ് 26 കാരനായ വാന്‍ഡൈക്ക് മറികടന്നിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ട്രാന്‍സ്ഫറുകളുടെ പട്ടികയില്‍ പത്താമതാണ് വാന്‍ഡൈക്കിന്റെ കൈമാറ്റം. സീസണ്‍ തുടക്കത്തില്‍ തന്നെ വാന്‍ഡൈക്കിനെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പട്ടു. ഡിസംബര്‍ 13-ന് ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന് ശേഷം വാന്‍ഡൈക്ക് സതാംപ്ടണിനായി കളിച്ചിട്ടില്ല.

ട്രാന്‍സ്ഫര്‍ ജാലകം തുറക്കുന്ന ജനുവരി ഒന്നിന് വാന്‍ഡൈക്ക് ലിവര്‍പൂളിനൊപ്പം ചേരും. മുന്നേറ്റ നിരയും മധ്യനിരയും ശക്തമായ ലിവര്‍പൂളിന്റെ പ്രതിരോധ നിര തുടര്‍ച്ചയായി പഴികേള്‍ക്കാറുണ്ട്. വാന്‍ഡൈക്ക് എത്തുന്നതോടെ അത് മാറ്റാനാകുമെന്നാണ്‌ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് കരുതുന്നത്.