പതിനെട്ട് വർഷം നീണ്ട ഫുട്ബോൾ കരിയറിന് തിരശീല ഇടാൻ തയ്യാറെടുക്കുകയാണ് നെതർലൻഡ് സൂപ്പർ താരം റോബിൻ വാൻ പേഴ്സി. ഡച്ച് ക്ലബ് ഫെയ്നൂർദിനായി കളിക്കുന്ന വാൻ പേഴ്സി ഈ സീസൺ അവസാനത്തോടെ കളിക്കളത്തോട് വിടചൊല്ലും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാൻ പേഴ്സി തന്നെയാണിക്കാര്യം പറഞ്ഞത്.
ഈ സീസൺ അവസാനിക്കുമ്പോൾ എനിക്ക് 36 വയസാകും, 18 വർഷമായി ഞാൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്തെത്തിയിട്ട്, അഞ്ചാം വയസ് മുതൽ ഞാൻ ഫുട്ബോളുമായി മാത്രം ബന്ധപ്പെട്ടുവരുന്നു. ഇപ്പോൾ എനിക്ക് കളക്കളത്തിൽ നിന്ന് സന്തോഷം കണ്ടെത്താനാകുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ കളിക്കാനുമാകില്ല, വാൻ പേഴ്സി പറഞ്ഞു. സീനിയർ കരിയർ ആരംഭിച്ച ഫെയ്നൂർദ് ക്ലബിൽ കഴിഞ്ഞ ജനുവരയിലാണ് വാൻ പേഴ്സി തിരിച്ചെത്തിയത്.
നെതർലൻഡിനായി 2005-ൽ അരങ്ങേറ്റം കുറിച്ച വാൻപേഴ്സി ഇതിനകം നൂറലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50 അന്താരാഷ്ട്ര ഗോളുകളോടെ വാൻ പേഴ്സി തന്നെയാണ് ഡച്ച് പടയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്,ആഴ്സനൽ എന്നീ ക്ലബുകൾക്ക് വേണ്ടി വാൻ പേഴ്സി കളിച്ചിട്ടുണ്ട്. 2014 ലോകകപ്പിൽ സ്പെയിനെതിരെ വാൻ പേഴ്സി നേടിയ ഫ്ലൈയിങ് ഹെഡർ ഗോൾ മികച്ച ഗോളുകളിലൊന്നായാണ് വിലയിരുത്തുന്നത്