വിഖ്യാത ഫ്രഞ്ച് താരം റാഫേൽ വരാൻ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു. വെറും 29 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വരാന്റെ ഈ പ്രഖ്യാപനം. കുറച്ചുനാളുകളായി ഇക്കാര്യം ആലോചിക്കുകയാണെന്നും ഇതാണ് അനുയോജ്യമായ സമയമെന്നും വരാൻ പ്രസ്താവനയിൽ അറിയിച്ചു.
സെന്റർ ബാക്കായി കളിക്കുന്ന വരാൻ 2013-ലാണ് ഫ്രാൻസ് ദേശീയ ടീം ജേഴ്സി ആദ്യമായി അണിയുന്നത്. പിന്നീട് ഫ്രഞ്ച് ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമായി വരാൻ മാറി. സമീപകാലത്ത് ഫ്രഞ്ച് ടീം കൈവരിച്ച നേട്ടങ്ങളിലെല്ലാം വരാൻ നിർണായക പങ്ക് വഹിച്ചിരുന്നു. 2018 ലോകകപ്പിൽ ഫ്രാൻസ് കിരീടമുയർത്തിയപ്പോഴും കഴിഞ്ഞ വർഷം ഫൈനലിലെത്തിയപ്പോഴും ടീമിനെ പ്രധാനിയായിരുന്നു വരാൻ. 2021-ൽ ഫ്രാൻസിനെ യുവേഫ നേഷൻസ് ലീഗ് ജേതാക്കളാക്കുന്നതിലും ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പ്രധാന പങ്ക് വഹിച്ചു.
ഖത്തർ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമാണ് വരാൻ. നേരത്തെ ഫ്രാൻസിന്റെ ക്യാപ്റ്റൻ കൂടിയായ ഗോളി ഹ്യൂഗോ ലോറിസും, സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസിമയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. സ്ക്വാഡിലുണ്ടായിരുന്നെങ്കിലും പരുക്കിനെത്തുടർന്ന് ബെൻസിമയെ അവസാനനിമിഷം ലോകകപ്പിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.