ബോളിംഗ് നിരയിലെ വൈവിധ്യമാണ് ഈ വർഷത്തെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ കരുത്തരാക്കുന്നതെന്ന് മുൻ ഓസീസ് താരം ഇയാൻ ചാപ്പൽ. ലോകകപ്പിന് മുന്നോടിയായി ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുമ്പോളായിരുന്നു ചാപ്പൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വിക്കറ്റെടുക്കാനുള്ള ബോളർമാരുടെ മികവ് ഈ ലോകകപ്പിൽ ഏറെ നിർണായകമാകുമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. മികച്ച ബോളിംഗ് നിരയുള്ള ടീമുകൾ ടൂർണമെന്റിൽ മുന്നിലേക്ക് പോകുമെന്ന് പറയുന്ന ചാപ്പൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബോളിംഗ് നിരയുള്ള മൂന്ന് ടീമുകൾ ആരൊക്കെയെന്നും വെളിപ്പെടുത്തി.
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കാണ് ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും മികച്ച ബോളിംഗ് നിരയുള്ളതെന്ന് ചാപ്പൽ പറയുന്നു. ഇന്ത്യൻ ബോളിംഗ് നിരയെ വാനോളം പുകഴ്ത്തുന്ന ചാപ്പൽ ടീമിന്റെ മൂന്ന് പേസ് ബൗളർമാരെയും പ്രശംസിക്കുന്നുണ്ട്.
“പിച്ചിൽ നിന്ന് ചെറിയൊരു പിന്തുണ ലഭിച്ചാൽപ്പോലും അതിന്റെ ഗുണം മുഴുവനായും മുതലെടുക്കാൻ കഴിവുള്ള ബോളർമാരാണ് ഇന്ത്യയ്ക്കുള്ളത്. പിച്ച് കുറച്ച് വരണ്ടതാണെങ്കിൽ കുൽദീപ് യാദവ് – യുസ്വേന്ദ്ര ചഹൽ കൂട്ടുകെട്ട് അപകടകാരികളാവും. ഫാസ്റ്റ് ബോളിംഗ് ഓൾ റൗണ്ടറായി ഹാർദിക് പാണ്ട്യയും ടീമിലുണ്ട്. ഇക്കുറി ഇന്ത്യയുടേത് വൈവിധ്യമാർന്നതും, ശക്തവുമായ ബോളിംഗ് നിരയാണ്. ” ചാപ്പൽ പറഞ്ഞു നിർത്തി.