SHARE

തമിഴ്നാടിന്റെ അത്ഭുത സ്പിന്നർ വരുൺ ചക്രവർത്തിക്ക് ഐപിഎൽ ലേലത്തിൽ മോഹവില. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.4 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് സ്വന്തമാക്കിയത്‌. തമിഴ്നാട് പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധയാകർഷിച്ച താരമാണ് വരുൺ ചക്രവർത്തി‌.

വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ അങ്കുഷ് ബെയിൻസിനേയും, യുവ ബോളർ നാതു സിംഗിനേയും 20 ലക്ഷം രൂപയ്ക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഇത്തവണ ജയ്പൂരിലാണ് ഐപിഎൽ ലേലം നടക്കുന്നത്. ഇത്ര നേരത്തെ ഐപിഎൽ ലേലം നടക്കുന്നതും ഇതാദ്യം. 228 ഇന്ത്യൻ താരങ്ങളടക്കം 350 കളികാരാണ് ലേലത്തിലുള്ളത്. ഇതിൽ വിവിധ ദേശീയ ടീമുകളിൽ കളിച്ച 119 താരങ്ങളുണ്ട്. 20 ലക്ഷം രൂപ മുതൽ 2 കോടി വരെ അടിസ്ഥാന വിലയാണ് ഇത്തവണ ലേലത്തിൽ താരങ്ങൾക്കുള്ളത്. ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്തിയതിനാൽ അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് താരങ്ങളെ എടുക്കുന്നത്.

വിൽക്കപ്പെടാതെ പോയ താരങ്ങൾ -ജലജ് സക്സേന, ഷെൽഡൺ ജാക്സൺ, ബാബ ഇന്ദ്രജിത്, അരുൺ കാർത്തിക്, ഇഷാൻ പൊറേൽ, രജനീഷ് ഗുർബാനി, ചാമ മിലിന്ദ്, യുവരാജ് ചുദാസാമ, സാഹിർ ഖാൻ, കെ.സി കരിയപ്പ, മുരിഗൻ അശ്വിൻ.