SHARE

ജയ്പൂരിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎൽ താരലേലത്തിൽ 8.4 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബ് വാങ്ങിയ വരുൺ ചക്രവർത്തി നിലവിൽ ക്രിക്കറ്റിലെ ഏറ്റവും വലിയ ചർച്ചാ വിഷയമാണ്. ഇത്ര വലിയ തുക‌മുടക്കി വരുണിനെപ്പോലെയൊരു അൺ ക്യാപ്പ്ഡ് താരത്തെ ടീമിലെത്തിച്ചത് മണ്ടത്തരമായോ എന്ന സംശയവും പല ക്രിക്കറ്റ് പ്രേമികളും പങ്ക് വെക്കുന്നു. എന്നാൽ വരുൺ നിസാരക്കാരനല്ലെന്നാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റ് റെക്കോർഡുകൾ വിളിച്ച് പറയുന്നത്.

ഇരുപത്തിയഞ്ചാം വയസിൽ ഒരു ആർകിടെക്റ്റ് കമ്പനിയിൽ നിന്നുള്ള രാജി വെച്ച് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിഞ്ഞ വരുൺ ആദ്യമൊക്കെ സീംബോളിംഗ് ഓൾ റൗണ്ടറായിരുന്നു. എന്നാൽ കളിക്കിടെ കാൽമുട്ടിനേറ്റ പരിക്ക് അദ്ദേഹത്തെ സ്പിൻ ബോളിംഗിലേക്ക് തിരിയാൻ നിർബന്ധിതനാക്കുകയായിരുന്നു‌.

പതിയെ പതിയെ തമിഴ്നാട് ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ വരുണിന്റെ കരിയർ ബ്രേക്ക്, ഈ വർഷത്തെ തമിഴ്നാട് പ്രീമിയർ ലീഗാണ്. ലീഗിൽ 10 മത്സരങ്ങൾ കളിച്ച ഈ വലംകൈയ്യൻ സ്പിന്നർ 4.7 എക്കോണമിയിൽ 9 വിക്കറ്റുകളാണ് നേടിയത്. ബോളിംഗ് ശരാശരിയാകട്ടെ 20.88 ഉം. 2018 ലെ തമിഴ്നാട് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇക്കോണമിയും വരുണിന്റേതായിരുന്നു‌.

തമിഴ്നാട് പ്രീമിയർ ലീഗിലെ ഈ സ്വപ്നതുല്യമായ പ്രകടനം ഒറ്റ സീസൺ കൊണ്ട് വരുണിന്റെ കരിയർ ഗ്രാഫുയർത്തി‌. കഴിഞ്ഞ വർഷം നാലാം ഡിവിഷൻ ക്രിക്കറ്ററായിരുന്ന താരം ഇത്തവണ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള തമിഴ്നാട് ടീമിലും ഉൾപ്പെട്ടു. അത്ഭുത സ്പിന്നറെന്ന വിശേഷണവുമായെത്തിയ വരുൺ വിജയ്ഹസാരെ ട്രോഫിയിൽ തമിഴ്നാടിനായി 86.4 ഓവറുകൾ എറിഞ്ഞ് 22 വിക്കറ്റുകളാണ് പിഴുതത്. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമായിരുന്നു അദ്ദേഹം.

ഈ പ്രകടനം ഈ വർഷത്തെ ഐപിഎൽ ലേലത്തിലും വരുണിനെ തുണച്ചു. അത്ഭുത സ്പിന്നറെന്ന ഖ്യാതിയുമായി ഐപിഎൽ ലേലത്തിനെത്തിയ താരത്തിന്റെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു. എന്നാൽ അടിസ്ഥാന വിലയുടെ 42 ഇരട്ടി മുടക്കിയാണ് കിംഗ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. താരത്തിന്റെ സമീപകാലത്തെ പ്രകടനം വിളിച്ച് പറയുന്നത് ഒരേയൊരു കാര്യമാണ്, വരുണിനായി മുടക്കിയ 8.4 കോടി രൂപ വെറുതെയാവില്ല.