SHARE

കഴിഞ്ഞ ഐ.എസ്.എല്ലിലെ ​ഗോൾഡൻ ബൂട്ട് ജേതാവാണ് ലിത്വാനിയക്കാരൻ നെരിജുസ് വാൽസ്കിസ്. ചെന്നൈയിൻ എഫ്.സിയുടെ ഫൈനലിലേക്കുള്ള കുതിപ്പിൽ നിർണായകമായത് നിർത്താതെ നിറയൊഴിച്ച വാൽസ്കിസിന്റെ ബൂട്ടുകളായിരുന്നു. എന്നാൽ പുതിയ സീസണിൽ പരിശീലകൻ ഓവൻ കോയ്ലിനൊപ്പം ജെംഷദ്പുരിലാണ് വാൽസ്കിസ് കളിക്കുക.

അസാമാന്യ പ്രകടനം നടത്തിയ വാൽസ്കിസിനെ ഇക്കുറിയും ചെന്നൈയിൻ നിലനിർത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ താരം ക്ലബ് വിടുകയായിരുന്നു. അതേസമയം താരത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്സും ശ്രമം നടത്തിയെന്നാണ് ഫുട്ബോൾ ജേർണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഏഴാം സീസണിലേക്ക് ബ്ലാസ്റ്റേഴ്സ് ആദ്യം മനസിൽ കണ്ട സ്ട്രൈക്കർ വാൽസ്കിസായിരുന്നു. വൻ തുകയാണ് താരത്തിനായി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയതതും. പിന്നീട് ജെംഷദ്പുർ താരത്തിനായി മുടക്കിയതിനേക്കാൾ ഉയർന്ന തുകയായിരുന്നു ബ്ലാസ്റ്റേഴ്സ് വാ​ഗ്ദാനം ചെയ്തതെന്നാണ് മാർക്കസ് പറയുന്നത്. എന്നാൽ ജെഷദ്പുരിന്റേത് രണ്ട് വർഷത്തെ കരാറായിരുന്നു. ഇക്കാരണത്താലാണ് വാൽസ്കിസ് ജെംഷദ്പുരിലേക്ക് പോയത്. ബ്ലാസ്റ്റേഴ്സ് മുന്നോട്ടുവച്ച ഒരു വർഷത്തെ കരാറിന് വാൽസ്കിസിന് താൽപര്യമുണ്ടായിരുന്നില്ല.

33-കാരനായ വാൽസ്കിസ് സ്വന്തം നാടായ ലിത്വാനിയക്ക് പുറമെ ലാത്വിയ, റൊമാനിയ, ബെലാറസ്, പോളണ്ട്, ഇസ്രയേൽ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ഇന്ത്യൻ ഫുട്ബോളിലെത്തുന്നത്.