SHARE

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിലെ ഏറ്റവും മികച്ച വിദേശ സൈനിങ്ങുകളിലൊന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ അൽവാരോ വാസ്ക്വസ്. സ്പാനിഷ് സ്ട്രൈക്കറായ വാസ്ക്വസിനെ ഐഎസ്എല്ലിലെ തന്നെ മറ്റ് ക്ലബുകളും നോട്ടമിട്ടിരുന്നു. എന്നാലൊടുവിൽ താരത്തെ ബ്ലാസ്റ്റേഴ്സ് റാഞ്ചുകയായിരുന്നു. സീസണിൽ ഐഎസ്എൽ ഫൈനലിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ വാസ്ക്വസിന്റെ പ്രകടനവും നിർണായകമായി.

അടുത്ത സീസണിലും വാസ്ക്വസിനെ നിലനിർത്തണമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആ​ഗ്രഹിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. കരാർ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് വിട്ട വാസ്ക്വസ് എഫ്സി ​ഗോവയിലേക്ക് കൂടുമാറി. സീസണിൽ കൂടുതൽ ​ഗോൾ താൻ നേടുമെന്ന് ഉറച്ച വിശ്വാസത്തിലാണ് വാസ്ക്വസ്. ടൈംസ് ഓഫ് ഇന്ത്യയോടാണ് വാസ്ക്വസ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ തവണ ഒരുപാട് അവസരങ്ങൾ എനിക്ക് ​ഗോളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല, എന്നാൽ ഇക്കുറി കൂടുതൽ ​ഗോൾ നേടി ​ഗോവയെ സഹായിക്കും ഞാൻ, ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ എനിക്ക് ഐഎസ്എല്ലിനെക്കുറിച്ച് അറിയാം, ലീ​ഗിലെ പ്രധാന ക്ലബുകളിലൊന്നാണ് ​ഗോവയെന്നുമറിയാം, ​ഗോവ ആരാധകർക്ക് ഒരിക്കൽ കൂടി തങ്ങളുടെ ക്ലബ് ലീ​ഗ് തലപ്പത്തെത്തുന്നത് കാണാൻ അവസരം ഉറപ്പാക്കുകയെന്നതാണ് എന്റെ ദൗത്യം, വാസ്ക്വസ് പറഞ്ഞു. ​ഗോവ ക്യാപ്റ്റനായ സ്പാനിഷ് താരെ എഡു ബെഡിയയെ വിളിച്ചിരുന്നെന്നും, തനിക്ക് ​ഗോളടിക്കാൻ ഒരുപാട് അവസരങ്ങൾ ഒരുക്കിത്തരാമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തെന്നും വാസ്ക്വസ് കൂട്ടിച്ചേർത്തു.