SHARE

എഫ് സി ഗോവയുടെ മുൻ ഗോൾകീപ്പറായിരുന്ന ലക്ഷ്മീകാന്ത് കട്ടിമണി ഇത്തവണ ഐ എസ് എല്ലിലെ‌പുത്തൻ ടീമായ ഹൈദരാബാദ് എഫ് സിയിലെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞയിടയ്ക്ക് എഫ് സി ഗോവയുമായുള്ള കരാർ അവസാനിപ്പിച്ച കട്ടിമണി‌ ഹൈദരാബാദിലെത്തുമെന്ന കാര്യം ഉറപ്പായെന്നും ഔദ്യോഗിക‌ പ്രഖ്യാപനം മാത്രമാണ് വൈകുന്നതെന്നുമാണ് റിപ്പോർട്ട്. ഇന്ത്യൻ ഫുട്ബോളിലെ‌ പരിചയസമ്പന്നനായ ഗോൾകീപ്പറാണ് ഈ മുപ്പതുകാരൻ.

എഫ് സി ഗോവയ്ക്ക് വേണ്ടി അഞ്ച് സീസണുകളിൽ കളിച്ച കട്ടിമണി 39 മത്സരങ്ങളിൽ അവരുടെ ഗോൾ വല കാത്തു. 2015 ൽ ഐ എസ് എൽ ഫൈനൽ കളിച്ച ഗോവൻ ടീമിലുണ്ടായിരുന്ന അദ്ദേഹം മുൻപ് ഡെമ്പോ എസ് സി, മുംബൈ എഫ് സി തുടങ്ങിയ ഇന്ത്യൻ സൂപ്പർ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

കളിച്ചിരുന്ന ക്ലബ്ബുകളിൽ ക്യാപ്റ്റനായും തിളങ്ങിയിരുന്ന താരം കൂടിയാണ് കട്ടിമണി. ഗോവൻ പരിശീലകൻ സെർജിയോ ലൊബേറ, മന്ദർ റാവു ദേശായിയെ ടീമിന്റെ നായകനായി തിരഞ്ഞെടുക്കുന്നത് വരെ അവരെ നയിച്ചിരുന്നതും കട്ടിമണി ആയിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായുള്ള മോശം ഫോമാണ് കട്ടിമണിക്ക് അടുത്തിടെ കരിയറിൽ തിരിച്ചടി നൽകിയത്. ഇതോടെ ടീമുകളുടെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനം കട്ടിമണിക്ക് നഷ്ടമാവുകയായിരുന്നു.