SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിനായുള്ള തയ്യാറെടുപ്പുകൾ കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങിക്കഴിഞ്ഞു. കൊച്ചയിൽ നടക്കുന്ന ആദ്യ ഘട്ട പ്രീ സീസൺ ക്യാംപിൽ പുതിയ വിദേശ സൈനിങ്ങുകളായ വിക്ടർ മോം​ഗിൽ, ഇവാൻ കാലിയുഷ്നി, കഴിഞ്ഞ സീസണിലെ സൂപ്പർതാരം മാർക്കോ ലെസ്കോവിച്ച് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

കാലിയൂഷ്നി ഐഎസ്എല്ലിൽ പുതുമുഖമാണെങ്കിലും മോം​ഗിൽ അങ്ങനെയല്ല. സ്പാനിഷ് സെന്റർ ബാക്കായ മോം​ഗിലിന് എടികെ, ഒഡിഷ എഫ്സി എന്നീ ടീമുകളിൽ കളിച്ച പരിചയസമ്പത്തുണ്ട്. മാത്രവുമല്ല മുമ്പ് ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഉയർന്നുകേട്ട പേരുമാണ് മോം​ഗിലിന്റേത്. കഴിഞ്ഞ സീസണിലും അതിനുമുമ്പും എതിരാളിയായാണ് മോം​ഗിൽ ബ്ലാസ്റ്റേഴ്സിനെ കണ്ടത്. ഇക്കുറി ബ്ലാസ്റ്റേഴ്സ് സംഘത്തിന്റെ ഭാ​ഗമായതിന് പിന്നാലെ ടീമിലെ ഇന്ത്യൻ താരനിരയുടെ മികവിനെ പുകഴ്ത്തുകയാണ് മോം​ഗിൽ. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോം​ഗിൽ ഇക്കാര്യം പറഞ്ഞത്.

ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ വിജയകരമായ കുതിപ്പിന് പിന്നിലെ ഒരു കാരണം ഇന്ത്യൻ താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളാണ്, ഇനിയും കൂടുതൽ പ്രതിഭാധനരായ താരങ്ങളെ കണ്ടെത്തി മുൻനിരയിലേക്കും കൊണ്ടുവരാമെന്നും ബ്ലാസ്റ്റേഴ്സ് തെളിയിച്ചു, ദീർഘകാല അടിസ്ഥാനത്തിൽ പരി​ഗണിക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ഫുട്ബോളിനും ഇക്കാര്യം വലിയ വിജയങ്ങൾ കൊണ്ടുവരുമെന്ന് നിസംശയം പറയാം, മോം​ഗിൽ വ്യക്തമാക്കി.