SHARE
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദിനെ പുകഴ്ത്തി ടീമിന്റെ പുതിയ പരിശീലകനായ കിബു വിക്കുന. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു സഹലിനെ, വിക്കുന പ്രശംസിച്ചത്. താൻ ക‌ണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഹലെന്ന് ചാറ്റിനിടെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ അഭിപ്രായപ്പെട്ടു.
സഹലിനെക്കുറിച്ച് വിക്കുന പറയുന്നത് ഇങ്ങനെ, “സഹലിന്റെ കളിയിൽ ഞാൻ തൃപ്തനാണ്. മികച്ചൊരു താരമാണ് അദ്ദേഹം. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഹൽ. ഇത് പോലുള്ള കളികാരെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. നന്നായി കളിക്കാനുള്ള‌ സാഹചര്യം അദ്ദേഹത്തിനെ ചുറ്റിപ്പറ്റി നമുക്ക് ഒരുക്കിക്കൊടുക്കാം. കാരണം വളരെ മികച്ച താരമാകാൻ സഹലിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.” വിക്കുന പറഞ്ഞുനിർത്തി.
സഹലിനെ വാനോളം പ്രശംസിച്ച വിക്കുന പരിചയസമ്പത്തും, യുവത്വവും ഒത്തുചേർന്നതാണ് ബ്ലാസ്റ്റേഴ്സ് ടീമെന്നും ചാറ്റിനിടെ അഭിപ്രായപ്പെട്ടു. “നമ്മുടെ ടീമിലെ യുവതാരങ്ങളായ ജീക്സൺ സിംഗ്, രാഹുൽ, നോറം, സഹൽ എന്നിവർ ടീമിന്റെ പ്രധാന താരങ്ങളാകുമെന്ന് ഞാൻ കരുതുന്നു. ഇത് പോലെ തന്നെ ഏറെ പരിചയസമ്പത്തുള്ള ബാർത്തലോമ്യു ഒഗ്ബെച്ചി, സന്ദേശ് ജിങ്കൻ തുടങ്ങിയ താരങ്ങളും നമുക്കുണ്ട്. പരിചയസമ്പത്തും, യുവത്വവും ഒരു പോലെ ഈ ടീമിൽ ഉണ്ടെന്നത് ഏറെ പ്രധാനമാണ്‌.” ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞുനിർത്തി.